ഗൂഡല്ലൂരിലെ ഭൂപ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും -വനംമന്ത്രി

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ഭൂപ്രശ്നം പരിഹരിക്കുകതന്നെ ചെയ്യുമെന്ന് വനംമന്ത്രി കെ. രാമചന്ദ്രൻ പറഞ്ഞു. ഗൂഡല്ലൂർ മോർണിംഗ്സ്റ്റാർ സ്കൂൾ മൈതാനിയിൽ നടക്കുന്ന സുഗന്ധവ്യഞ്ജന പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്‌ഷൻ 17 ഭൂമിയുടെ കാവൽക്കാർ മാത്രമാണ് വനം വകുപ്പുകാർ. പൂർണനിയന്ത്രണം റവന്യൂ വകുപ്പിനാണ്. ഗൂഡലൂർ നിയോജക മണ്ഡലത്തോട് പ്രത്യേക കടപ്പാടുണ്ട്. തന്നെ ആദ്യമായി നിയമസഭയിലെത്തിച്ചതും ഖാദിവകുപ്പ് മന്ത്രിയായതും ഗൂഡല്ലൂർ മണ്ഡലത്തിൽനിന്നാണ്. അതുകൊണ്ടുതന്നെ ജില്ല ആശുപത്രി ഗൂഡല്ലൂർക്ക് തന്നെ ലഭിക്കാൻ മുഖ്യമന്ത്രിയോട് പ്രത്യേകം താൽപര്യപ്പെട്ടതായും പറഞ്ഞു. ടാൻ ടീ തൊഴിലാളികളുടെ കൂലി പ്രശ്നം ഉടൻ പരിഹരിക്കും. പ്രതിപക്ഷ എം.എൽ.എ ആയിട്ടും വികസന പ്രവർത്തനങ്ങൾക്ക് ഏറെ ശ്രദ്ധ ചെലുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്- മന്ത്രി പറഞ്ഞു. നാടുകാണി ജീൻപൂൾ, പൊന്നൂർ കാർഷിക കൃഷി ഫാം എന്നിവിടങ്ങൾ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ. ദ്രാവിഡമണിയും സിറ്റിങ് എം എൽ.എ അഡ്വ. പൊൻജയശീലനും ആവശ്യം ഉന്നയിച്ചത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല കലക്ടർ എസ്.പി. അംറിത്ത് അധ്യക്ഷതവഹിച്ചു. ജില്ല ചെയർമാൻ പൊൻദോസ്, മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്, ഡി.എഫ്.ഒ കൊമ്മു ഓം കാർ, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി, കാർഷിക ഉപ ഡയക്ടർ ശിബിലമേരി, അഡി. ഡയക്ടർ വിജയലക്ഷ്മി, ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ പരിമള, വൈസ് ചെയർമാൻ ശിവരാജ്, പഞ്ചായത്ത് ചെയർപേഴ്സൻ കീർത്തന തുടങ്ങിയവർ പങ്കെടുത്തു. ആർ.ഡി.ഒ ശരവണ കണ്ണൻ സ്വാഗതവും തഹസിൽദാർ സിദ്ധരാജ് നന്ദിയും പറഞ്ഞു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.