lead കൽപറ്റ: അസംസ്‌കൃത സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം നിർമാണ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വീട് എന്ന മോഹം എങ്ങനെ സാക്ഷാത്കരിക്കുമെന്ന ആധിയിൽ സാധാരണക്കാർ. വിലക്കയറ്റം മൂലം സാധാരണക്കാരും ചെറുകിട വ്യവസായ സംരംഭകരും മുന്നോട്ടുപോകാനാവാത്ത വിധത്തില്‍ പ്രയാസത്തിലാണ്. ഭവനപദ്ധതി പ്രകാരവും വായ്പയെടുത്തും മറ്റും വീട് പണിത് തുടങ്ങിയ പലരും ഇപ്പോള്‍ നിർമാണം പാതിവഴിയില്‍ ഇഴയുന്നതിൻെറ ആശങ്കയിലാണ്. ജില്ലയിലെ സിമന്‍റധിഷ്ഠിത ചെറുകിട വ്യവസായത്തെകൂടിയാണ് ഈ വിലക്കയറ്റം ഏറ്റവുമധികം ബാധിച്ചത്. വീട് നിർമാണത്തിന് ഈ ഉൽപന്നങ്ങളാണ് സാധാരണക്കാർ അധികമായി ഉപയോഗിക്കുന്നത് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു വര്‍ഷത്തിനിടെ മാത്രം 40 ശതമാനം മുതല്‍ നൂറു ശതമാനം വരെ വിലക്കയറ്റമാണ് കെട്ടിട നിർമാണ വസ്തുക്കള്‍ക്ക് ഉണ്ടായത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് മണല്‍, കല്ല് എന്നിവ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ കൂടുതലായും വയനാട്ടിലേക്ക് എത്തുന്നത്. അതിനാൽ, മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ വില കൂടുതലാണ്. ഇതോടൊപ്പമുള്ള അനിയന്ത്രിത വിലക്കയറ്റം സാധാരണക്കാർക്ക് ഇരുട്ടടിയാവുകയാണ്. സിമന്‍റ്, കമ്പി, മണല്‍, ഓക്‌സൈഡ് ഉൽപന്നങ്ങള്‍ തുടങ്ങിയ ഒട്ടുമിക്ക അസംസ്‌കൃത സാധനങ്ങള്‍ക്കും ഓരോ ദിവസവും വില കുത്തനെ കൂടുന്നതും വ്യവസായത്തെ ബാധിക്കുകയും ഉൽപന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി പേരാണ് ഇത്തരത്തില്‍ കട്ടില, ജനല്‍, വാതില്‍പ്പടി, അലമാര, മതില്‍ അടക്കമുള്ള റെഡിമെയ്ഡ് സിമന്‍റ് ഉൽപന്നങ്ങള്‍ ഉണ്ടാക്കി വിൽപന നടത്തിവരുന്നത്. മത്സ്യം വളര്‍ത്താനുള്ള ടാങ്ക്, പൂച്ചട്ടികള്‍ എന്നിങ്ങനെ സിമന്‍റുകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ നിർമിക്കുന്ന വ്യവസായ യൂനിറ്റുകളും ജില്ലയില്‍ നിരവധിയുണ്ട്. ഈ മേഖലയില്‍ മാത്രം ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്തുവരുന്നു. സിമന്‍റിന് കഴിഞ്ഞവര്‍ഷം 375 രൂപയായിരുന്നു വില. ഇപ്പോഴത് 435 ആണ്. കമ്പി കിലോക്ക് 49 രൂപ 50 പൈസയായിരുന്നത് 29 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇപ്പോള്‍ ഒരു കിലോ കമ്പിയുടെ വില 78.50 രൂപയാണ്. തറയില്‍ വിരിക്കുന്ന ടൈലുകള്‍, പൂച്ചട്ടികള്‍ എന്നിവയുടെ മുകളില്‍ അടിക്കുന്ന എല്ലാതരം ഓക്‌സൈഡുകള്‍ക്കും 81 രൂപയായിരുന്നു 2021 ഏപ്രിലിലെ വില. ഇപ്പോഴത് 127ലെത്തി. ഇതുമായി ബന്ധപ്പെട്ടു തന്നെ ഉപയോഗിക്കുന്ന പോളിഷുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഇപ്പോഴത് 136ല്‍ നിന്നും 225 രൂപയായി ഉയർന്നു. സിമന്‍റ് കട്ട, വാതില്‍ കട്ടില, ജനല്‍പാളികള്‍, ടൈലുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന പാറപ്പൊടി, ചിപ്‌സ്, മെറ്റല്‍ എന്നിവയുടെ വിലയിലും ഒരു വര്‍ഷത്തിനിടെ വലിയ വര്‍ധനയാണ് ഉണ്ടായത്. ഒരടി പാറപ്പൊടിക്ക് 37 രൂപയായിരുന്നത് ഇപ്പോള്‍ 43 രൂപ നല്‍കണം. ചിപ്‌സിന് 39 രൂപയില്‍ നിന്നും 48 രൂപയായും മെറ്റലിന് 40 രൂപയില്‍ നിന്നും 44 രൂപയായും വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ നിർമാണമേഖല പതിയെ തിരിച്ചുവരുന്നതിനിടെയാണ് ക്രമാതീതമായ വിലക്കയറ്റമുണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെയും വിലക്കയറ്റത്തെയും തുടര്‍ന്ന് നിരവധി നിർമാണ യൂനിറ്റുകള്‍ പൂട്ടിപോയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ നടത്തി വിലക്കയറ്റം നിയന്ത്രിച്ച് ഈ മേഖലയെ സംരക്ഷിക്കണമെന്നാണ് ചെറുകിട വ്യവസായികളടക്കം മുന്നോട്ടുവെക്കുന്ന ആവശ്യം. അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് തടയിട്ടില്ലെങ്കില്‍ സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിനും കനത്ത തിരിച്ചടിയാവും. സര്‍ക്കാര്‍ ഭവന പദ്ധതികളെയും വിവിധ പദ്ധതികളെയും വിലക്കയറ്റം ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.