കൽപറ്റ: കൽപറ്റ നിയോജകമണ്ഡലം പ്രസിഡൻറ് എബിൻ മുട്ടപ്പള്ളിയെ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയ നടപടിയെ തുടർന്ന് ജില്ല യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. തീരുമാനം ഏകപക്ഷീയവും ജില്ല പ്രസിഡന്‍റിൻെറ വ്യക്തി താൽപര്യം പ്രതിഫലിക്കുന്നതുമാണെന്നും ആരോപിച്ച് ജില്ല ഭാരവാഹികൾ പരസ്യമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മുൻകൈയെടുത്ത് നടത്തിയ വിവേചനപരമായ പുറത്താക്കലെന്നാരോപിച്ച് നടപടിക്കെതിരെ ജില്ല ഭാരവാഹികളിൽ ചിലർ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എക്ക് കത്തുനൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി നിർദേശിച്ച യുനൈറ്റഡ് ഇന്ത്യ കാമ്പയിൻ നടത്തിയില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റിൻെറ അറിവോടെ എബിൻ മുട്ടപ്പള്ളിയെ നീക്കം ചെയ്തതെന്നാണ് ഭാരവാഹികൾ കുറ്റപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ജില്ലയിൽ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും ഇത്തരത്തിൽ പരിപാടി നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്‍റുമാർക്ക് എതിരെ നിയമനടപടി എടുത്തിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു. സംസ്ഥാന കമ്മിറ്റി എടുത്ത നടപടി നീക്കം ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അഗസ്റ്റിൻ പുൽപള്ളി, ജില്ല സെക്രട്ടറിമാരായ ജിജോ പൊടിമറ്റത്തിൽ, രോഹിത് ബോധി, വി.സി. ഷൈജൽ, അഫ്‌സൽ ചീരാൽ, ശ്രീലക്ഷ്മി എന്നിവരാണ് സംസ്ഥാന പ്രസിഡന്‍റിന് കത്തയച്ചത്. ജവാൻ വസന്തകുമാർ അനുസ്മരണം മേപ്പാടി: ഗ്രാമ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ ജവാൻ വസന്തകുമാർ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിലാണ് വസന്തകുമാർ അടക്കം 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത്. മൂന്നു വർഷം പൂർത്തിയായ ഫെബ്രുവരി 14നാണ് അനുസ്മരണച്ചടങ്ങ് നടത്തിയത്. നെടുമ്പാല വാഴക്കണ്ടി കോളനിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണച്ചടങ്ങും നടന്നു. അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രമുഖ സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർക്കൊപ്പം വസന്തകുമാറിൻെറ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. MONWDL11 മേപ്പാടി വാഴക്കണ്ടിയിലെ ജവാൻ വസന്തകുമാർ സ്മൃതിമണ്ഡപത്തിൽ ജനപ്രതിനിധികൾ പുഷ്പാർച്ചന നടത്തുന്നു ജവാൻ വസന്തകുമാർ അനുസ്മരണവും പ്രതിനിധി ക്യാമ്പും മേപ്പാടി: എസ്.കെ.എസ്.എസ്.എഫ് മേപ്പാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവാൻ വസന്തകുമാർ അനുസ്മരണച്ചടങ്ങും മേഖല പ്രതിനിധി ക്യാമ്പും നടത്തി. വസന്തകുമാർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന ക്യാമ്പ് ജില്ല വർക്കിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി, ഷഫീർ മാസ്റ്റർ, ഷുക്കൂർ വടുവഞ്ചാൽ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്‍റ് ശിഹാബ് ഫൈസി വാളത്തൂർ അധ്യക്ഷത വഹിച്ചു. MONWDL12 എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ നടത്തിയ ജവാൻ വസന്തകുമാർ അനുസ്മരണ ചടങ്ങ് ലഹരിനിർമാർജന സമിതി ജില്ല കൺെവൻഷൻ 19ന് കൽപറ്റ: ലഹരി നിർമാർജന സമിതിയുടെ ജില്ല കൺെവൻഷൻ 19ന് ശനിയാഴ്ച രാവിലെ 10ന് കൽപറ്റ യിൽ നടക്കും. ഗൂഡലായിലുള്ള കൽപറ്റ മുനിസിപ്പൽ ലീഗ് ഓഫിസിൽ നടക്കുന്ന കൺെവൻഷനിൽ സംസ്ഥാന യൂത്ത്‌ലീഗ് ട്രഷറർ പി. ഇസ്മയിൽ, ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പി.എം.കെ കാഞ്ഞൂർ, സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി സി.എ. ബക്കർ അറിയിച്ചു. വിത്ത് വിതരണം ചീരാൽ: നെന്മേനി കൃഷിഭവൻ മുഖേന കർഷകർക്ക് സൗജന്യമായി നൽകിയ വിതപയർ വിത്ത് വിതരണ ഉദ്ഘാടനം മുൻ പഞ്ചായത്ത് അംഗം കെ.സി.കെ. തങ്ങൾ നിർവഹിച്ചു. കൊമ്മാട് പാടശേഖര സമിതി മുഖേന അപേക്ഷ സമർപ്പിച്ച 106 കർഷകർക്ക് 4400 കിലോഗ്രാം വൻപയറും ചെറുപയർ വിത്തുമാണ് വിതരണത്തിനെത്തിയത്. വിത്ത് വിതക്കൽ 16ന് ബുധനാഴ്ച രാവിലെ 10.30 ന് നെന്മേനി കൃഷി ഓഫിസർ അനുപമകൃഷ്ണൻ നൂലക്കുന്ന് പാടത്ത് നിർവഹിക്കും. എം. അലവി അധ്യക്ഷതവഹിച്ചു. ടി.കെ. രാധാകൃഷ്ണൻ, പി. അബ്ദുൽ ഖാദർ, എൻ.കെ. സുരേഷ് ബാബു, എം.എൻ. ശശീന്ദ്രൻ, കെ.കെ. ചന്ദ്രൻ, കെ. രാഘവൻ, കെ.സി. ശശി എന്നിവർ സംസാരിച്ചു. 'വേനൽച്ചൂട്: തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം ' മേപ്പാടി: ജില്ലയിൽ വേനൽച്ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലയിലെ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന യൂനിയൻ ജനറൽ സെക്രട്ടറിമാരുടെയും നേതാക്കളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. മുൻവർഷങ്ങളിൽ ലേബർ കമീഷണർ ജോലി സമയം ക്രമീകരിച്ച് ഉത്തരവിറക്കിയിരുന്നു. നിലവിൽ ജില്ലയിൽ ചൂട് 32 ഡിഗ്രി ആയിക്കഴിഞ്ഞു. വെയിലിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾക്ക് ഇത് അസ്സഹനീയമാണ്. ലേബർ കമീഷണർ ഈ വിഷയത്തിൽ ഉടൻ ഇടപെട്ട് ഉത്തരവിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.പി.എ. കരീം (എസ്.ടി.യു) അധ്യക്ഷതവഹിച്ചു. പി.കെ. മൂർത്തി (എ.ഐ.ടി.യു.സി), യു. കരുണൻ (സി.ഐ.ടി.യു), ബി. സുരേഷ് ബാബു (ഐ.എൻ.ടി.യു.സി), എൻ. വേണുഗോപാൽ (പി.എൽ.സി), എൻ.ഒ. ദേവസ്സി (എച്ച്.എം.എസ്), പി.കെ. മുരളീധരൻ (ബി.എം.എസ്), എം. ബാലകൃഷ്ണൻ, പി.വി. കുഞ്ഞുമുഹമ്മദ്, എ. ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. എസ്.എഫ്.ഐക്ക് എതിരില്ലാതെ ജയം മാനന്തവാടി: കണ്ണൂർ സർവകലാശാല സെന്‍ററുകളിൽ ഫെബ്രുവരി 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മാനന്തവാടി തോണിച്ചാൽ കാമ്പസിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചതായി ഭാരവാഹികൾ അവകാശപ്പെട്ടു. ജനുവരി 28ന് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ കോളജുകളിലെയും മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.