കൽപറ്റ: ലോകായുക്തയുടെ അധികാരം എടുത്തുമാറ്റി ഗവര്‍ണറെ കൊണ്ട് ബില്ലില്‍ ഒപ്പിടുവിച്ചാൽ ആരെയും ഭയപ്പെടാതെ അഴിമതിക്കാരെ സംരക്ഷിക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് മുമ്പേ നിയമസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് തന്റെ മുൻഗാമികൾ കൊണ്ടുവന്ന അഴിമതിക്കെതിരായ ശക്തമായ നിയമത്തെയാണ് പിണറായി സര്‍ക്കാര്‍ തകർത്തെറിഞ്ഞത്. അഴിമതിക്കാരായ ഭരണ രാഷ്ട്രീയതലത്തിലെ ഉന്നതര്‍ക്കെതിരെ ശക്തമായ ഇടപെടലാണ് ഇതിനകം ലോകായുക്ത നടത്തിയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ മന്ത്രി കെ.ടി. ജലീൽ രാജി വെക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. നിയമസഭ ചേരാനിരിക്കെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാനിരിക്കെയാണെന്നത് ശ്രദ്ധേയമാണ്. 22 വർഷമായി തുടരുന്ന ഒരു നിയമം ഭരണഘടന വിരുദ്ധമാണെന്ന് ഒരു നിയമജ്ഞനും ചൂണ്ടിക്കാണിച്ചിട്ടില്ല. രാഷ്ട്രപതിക്ക് അയക്കാതെ ഓർഡിനൻസിൽ ഒപ്പിട്ടത് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണ്. ഓർഡിനൻസിൽ തിടുക്കം കാട്ടിയതിൽ എൽ.ഡി.എഫിലെ മുഖ്യഘടകകക്ഷിയായ സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആത്മാർഥതയുണ്ടെങ്കിൽ തങ്ങളുടെ മന്ത്രിമാർക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ സി.പി.ഐ അനുവാദം നൽകണമായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അധികാരമില്ലാത്ത ലോകായുക്ത സംവിധാനം നിലനിർത്തുന്നതിനേക്കാൾ ഭേദം പിരിച്ചുവിടുന്നതാണ്. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും എൻ. വേണു ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ശിവശങ്കറും സ്വപ്നയും മറ്റും നടത്തിയ സ്വർണക്കടത്തിന്റെയും കമീഷൻ ഇടപാടിന്റെയും യഥാർഥ വസ്തുത പൂറത്തുകൊണ്ടുവരണം. ഇ.ഡിയും കസ്റ്റംസും കോടതിയിൽ കൊടുത്ത മൊഴി ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. സി.ബി.ഐ അന്വേഷിച്ചാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും വേണു പറഞ്ഞു. ആര്‍.എം.പി.ഐ ജില്ല സെക്രട്ടറി എം.ആര്‍. രാമകൃഷ്ണന്‍, പി.യു. മര്‍ക്കോസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. മുസ്ലിം ജമാഅത്ത് ഇമാം കോണ്‍ഫറന്‍സ് സമാപിച്ചു കല്‍പറ്റ: കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഇമാം കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സാമൂഹിക തിന്മകളില്‍നിന്ന് യുവതലമുറയെ രക്ഷിക്കാന്‍ പ്രാദേശികതലങ്ങളില്‍ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റ ദാറുല്‍ ഫലാഹില്‍ നടന്ന പരിപാടിയില്‍ കെ.ഒ. അഹ്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി വിഷയമതരിപ്പിച്ചു. സയ്യിദ് അബൂബക്കര്‍ ഫൈസി ആറളം, പൂക്കോയ തങ്ങള്‍, പി.കെ. മുഹമ്മദ് ബാഖവി, ഹംസ അഹ്സനി, എസ്. ശറഫുദ്ദീന്‍, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദലി ഫൈസി, ഇ.പി. അബ്ദുല്ല സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, സൈദ് ബാഖവി, സി.എച്ച്. നാസര്‍ മാസ്റ്റര്‍, യു.പി. അലി ഫൈസി എന്നിവർ സംസാരിച്ചു. THUWDL9 കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കല്‍പറ്റ ദാറുല്‍ഫലാഹില്‍ നടത്തിയ ഇമാം കോണ്‍ഫറന്‍സ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു വെദ്യുതി മുടങ്ങും കമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിമ്പടക്കുനി, അമ്പലകുന്ന്, ടെലിഫോണ്‍ എക്സ്ചേഞ്ച്, ആനേരി, ഒന്നാം മൈല്‍ ഭാഗങ്ങളില്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ അരിച്ചാലില്‍ കവല, ലൂയിസ് മൗണ്ട് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്, ഉപ്പുനട, പരിയാരമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.