ഡെങ്കിപ്പനി പ്രതിരോധ ദിനം: ഇന്ന് ഡ്രൈഡേ

കൽപറ്റ: ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്​ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഞായറാഴ്​ച ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നു. കോവിഡ് മഹാമാരിയും കനത്തമഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ വീട്ടുപരിസരങ്ങളില്‍ കൊതുകി​ൻെറ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടുകളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന ചെറിയ വെള്ളക്കെട്ടിലാണ്. വീടിനു പുറത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കവുങ്ങ് തോട്ടത്തിലെ പാളകള്‍, റബര്‍ത്തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കാത്ത തരത്തില്‍ നീക്കം ചെയ്യണം. വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങളും സ്ഥലങ്ങളും കണ്ടെത്തി ഒഴുക്കിക്കളയണം. ഫ്രിഡ്ജിനടിയിലും കൂളറിനടിയിലും വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റുകള്‍, വെള്ളം ശേഖരിച്ചു​െവച്ച പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അവ കണ്ടെത്തി വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഡ്രൈ ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിന് പുറത്തെ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും വീടിനകത്തും പരിശോധന നടത്തി എല്ലാവരും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡി.എം.ഒ പറഞ്ഞു. ഡെങ്കിപ്പനി: ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ അരുത് കൽപറ്റ: മൂന്നു മുതല്‍ അഞ്ചുദിവസം വരെ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, പേശിവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, ഛർദി, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ ചുവന്ന പാടുകള്‍, മൂക്കില്‍നിന്നും മോണയില്‍നിന്നും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള രക്തപരിശോധന എല്ലാ മേജര്‍ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചില കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പുൽപള്ളിയിൽ വാക്​സിൻ കേന്ദ്രത്തിൽ തിരക്ക്​ കൽപറ്റ: പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ വന്നവരുടെ തിക്കും തിരക്കും. പഞ്ചായത്തിലെ പകുതിയോളം വാർഡുകളിലെ ആളുകൾ ഒന്നിച്ചുകൂടിയതാണ് വൻതിരക്കിന് കാരണമായത്. ശനിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ പഞ്ചായത്തിലെ മൂന്നു മുതൽ 11വരെ വാർഡുകളിലെ 45 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിപ്പുണ്ടായിരുന്നു. തുടർന്ന് പുലർച്ച മുതൽ ആളുകൾ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ഒരു വാർഡിന് അര മണിക്കൂർ എന്ന ക്രമത്തിലായിരുന്നു സമയം നിശ്ചയിച്ചത്. എന്നാൽ, ഉച്ചയായപ്പോൾ പോലും മൂന്ന്​ വാർഡുകളിലെ ആളുകൾക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. വയോജനങ്ങളടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്. ശക്തമായ മഴയും ഇടക്ക് ഉണ്ടായി. കടവരാന്തകളിൽ ആളുകൾ തിങ്ങിനിൽക്കുകയായിരുന്നു. രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലായിരുന്നു ആൾക്കൂട്ടം. ഇക്കാര്യത്തിൽ അധികൃതരുടെ അനാസ്ഥ ഉണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഒരുദിവസം രണ്ടോ മൂന്നോ വാർഡുകളിലെ ആളുകൾക്ക്​ മാത്രം വാക്​സിൻ നൽകിയാൽ തിരക്ക് ഉണ്ടാവില്ലെന്നും അവർ പറയുന്നു. അല്ലെങ്കിൽ വാർഡടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.