വെള്ളമുണ്ട: ആദിവാസികൾക്കായി ഏറ്റെടുത്ത ഭൂമിയിലെ പഴയവീട്ടിൽ സാമൂഹികവിരുദ്ധർ താവളമാക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് പത്താം വാർഡിൽ 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ഭൂമിയിലെ പഴയ വീടാണ് നശിപ്പിച്ചത്. സ്വകാര്യ വ്യക്തിയുടെ കൈയിൽനിന്ന് പട്ടികവർഗ വികസന വകുപ്പ്, 29 ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകുന്നതിനായി ഏറ്റെടുത്ത ഭൂമിയിലെ കോൺക്രീറ്റ് വീടാണ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായത്. വീടിൻെറ ജനലും വാതിലുമടക്കം ഇളക്കിയെടുത്ത് കൊണ്ടുപോയതായും പരാതിയുണ്ട്. ഓരോ കുടുംബത്തിനും 27 സൻെറ് സ്ഥലം വീതമാണ് നൽകിയത്. വിവിധ പദ്ധതികളിലായി 14 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഒമ്പത് കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങുകയും ചെയ്തു. പുതിയ വീടുപണി പുരോഗമിക്കുന്നതിനിടയിൽ പഴയ കോൺക്രീറ്റ് വീട് പൊളിച്ച് കടത്തുകയായിരുന്നെന്നാണ് ആക്ഷേപം. ഇവിടെ സ്ഥിരമായി രാത്രി സമയത്ത് വാഹനങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നുവെന്ന് സമീപവാസികളായ ചിലർ സാക്ഷ്യപ്പെടുത്തുന്നു. പതിനാറാം മൈൽ കുറുമ്പാല റോഡിൽ നിന്നും പടിഞ്ഞാറത്തറ ചേരിയംകൊല്ലി റോഡിൽ നിന്നും ഈ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ആറ് മീറ്റർ വീതിയിൽ ടാർ ചെയ്ത അപ്രോച്ച് റോഡുകളുണ്ട്. വയനാട്ടിൽ മിക്ക ട്രൈബൽ ഓഫിസുകളും അനുബന്ധ സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ഏറ്റെടുത്ത വീട് വാസയോഗ്യമല്ലാത്തതായി നശിച്ചത്. ഭൂമി ഏറ്റെടുക്കുന്ന സമയത്ത് അതിൽ കെട്ടിടം ഉണ്ടെങ്കിൽ ഫിറ്റ്നസ് പരിശോധിച്ച് എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റും എന്ന ശിപാർശയും നിർദേശവും നൽകലും സംരക്ഷണം ഉറപ്പുവരുത്തലും അതത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതേസമയം, 29 കുടുംബങ്ങൾക്കായി ഭൂമി പതിച്ച് നൽകിയപ്പോൾ പഴയ വീട് നിലനിന്ന സ്ഥലം ലഭിച്ച കുടുംബം കാലപ്പഴക്കത്തിൽ തകർച്ച നേരിടുന്ന ഈ വീട്ടിൽ താമസിക്കാൻ തയാറായില്ലെന്നും നിയമപ്രകാരം ട്രൈബൽ വകുപ്പിന് വീട് ഏറ്റെടുക്കാനായില്ലെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പറഞ്ഞു. ആദിവാസി വിശ്വാസ പ്രകാരം മറ്റുള്ളവർ പാർത്ത ഒരു വീട്ടിൽ അവർ താമസിക്കില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ തന്നെ ഈ വീട് തകർച്ച നേരിടുന്നതായിരുന്നെന്നും ഈ കെട്ടിടം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്: ഡ്രൈവർമാർക്ക് ജോലിഭാരമെന്ന് പരാതി കൽപറ്റ: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുൻപന്തിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഡ്രൈവർമാർ രോഗ ഭീതിയോടൊപ്പം കടുത്ത ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുന്നതായി കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ. ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ മറ്റിതര ജീവനക്കാർക്ക് കോവിഡ് മാനദണ്ഡം പാലിച്ചുള്ള വിശ്രമം അനുവദിക്കുമ്പോൾ സമയപരിധിയില്ലാതെ രാപ്പകൽ തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണ് ഡ്രൈവർമാർക്ക്. ഇതിനകം പല ഡ്രൈവർമാരും കോവിഡ് ബാധിതരായി. രോഗം ഭേദമായി ജോലിയിൽ കയറുന്നവർ, ആവശ്യമായ വിശ്രമം ഇല്ലാത്തതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. ഇത്തരം കാര്യങ്ങൾ മേലധികാരിയെ ബോധിപ്പിച്ചപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകി ശിക്ഷണ നടപടി സ്വീകരിച്ച പഞ്ചായത്തും ജില്ലയിൽ ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്തുകളിൽ ഒരു വാഹനം വീതമാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ സ്വന്തം വാഹനങ്ങളിലെത്തിയ ജീവനക്കാർ ഇപ്പോൾ ലോക്ഡൗൺ മറവിൽ, വകുപ്പ് വാഹനത്തിലാണ് യാത്ര. ജില്ലക്ക് പുറത്തുപോലും ഇങ്ങനെ വാഹനം ഉപയോഗിക്കുമ്പോൾ അതിരാവിലെ ജോലിക്ക് ഹാജരാവുന്ന ഡ്രൈവർ ജോലി കഴിയുമ്പോൾ പാതിരാത്രിയാവുന്നു. തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് വാഹനങ്ങൾ വാടകക്കെടുക്കാനും ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനും നിയമം നിലനിൽക്കേയാണ് ഡ്രൈവർമാരെ പീഡിപ്പിക്കുന്നതെന്ന് ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ല ഭരണകൂടത്തിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനമായി. കെ.ജി.ഡി.എ ജില്ല പ്രസിഡൻറ് ടി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. സുനിൽ ഉദ്ഘാടനം ചെയ്തു. മനോജ്കുമാർ, എൻ.ടി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥിനിയുടെ സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് നൂൽപുഴ: ആറാം ക്ലാസ് വിദ്യാർഥിനിയുടെ സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് നൽകി. നൂൽപുഴ പഞ്ചായത്ത് പണയമ്പത്തെ പഴയകാലായിൽ ജോണിയുടെയും മിനിയുടെയും മകൾ മൂലങ്കാവ് ഹൈസ്കൂൾ വിദ്യാർഥിനി അഷ്നയാണ് തൻെറ സമ്പാദ്യക്കുടുക്കയിലെ 1131 രൂപ വാക്സിൻ ചലഞ്ചിൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ജോണി കൂലിപ്പണിക്കാരനാണ്. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് തുക ഏറ്റുവാങ്ങി. ടി.കെ. ശ്രീജൻ, കെ.ജി. ഷാജി എന്നിവർ സംബന്ധിച്ചു. SATWDL2 തൻെറ സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് നൽകിയ മൂലങ്കാവ് ഹൈസ്കൂൾ വിദ്യാർഥിനി അഷ്ന മാതാപിതാക്കൾക്കൊപ്പം ഡോക്ടറുടെ ആദ്യശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൽപറ്റ: ആദ്യശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജൂനിയർ ഡോക്ടർ. എം.ബി.ബി.എസ് പഠനവും കോഴ്സിൻെറ ഭാഗമായ ഹൗസ് സർജൻസിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് പൂർത്തിയാക്കി അവിടെത്തന്നെ ജൂനിയർ ഡോക്ടറായി (നോൺ അക്കാദമിക് ജൂനിയർ റസിഡൻറ്) സേവനമനുഷ്ഠിക്കുന്ന കൽപറ്റ സ്വദേശി ഡോ. ആദിത്യൻെറ ആദ്യശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ശമ്പളത്തുകയായ 42000 രൂപയുടെ ചെക്ക് കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിന് മാതാപിതാക്കൾ കൈമാറി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ കോവിഡ് സർജിക്കൽ വാർഡിലാണ് ഡോ. ആദിത്യൻ ഇപ്പോൾ ജോലിചെയ്യുന്നത്. വയനാട് ജില്ല മെഡിക്കൽ ഓഫിസിൽ നിന്ന് വിരമിച്ച ഇ.കെ. ബിജുജൻെറയും കേരള ബാങ്ക് കൽപറ്റ സായാഹ്ന ശാഖ മാനേജർ ഇ.പി. റോമിളയുടെയും മകനാണ് ആദിത്യൻ. സഹോദരി അഭിരാമി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. SATWDL1 Dr. adityan: ഡോ. ആദിത്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.