ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർ ഇല്ലാത്തതിനാൽ ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. ഓവാലി പഞ്ചായത്തിലെ ഭാരം പാടിയിൽ താമസിക്കുന്ന കുഞ്ഞാലിയുടെ ഭാര്യ മുംതാസ് എന്ന മാളുവിന്റെ (40) മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് മൃതദേഹം എത്തിച്ചിരുന്നു. എന്നാൽ രാവിലെ 10 ആയിട്ടും പോസ്റ്റുമോർട്ടം നടത്താൻ ഡോക്ടർ ഇല്ലെന്നും ഊട്ടിയിൽ നിന്നും വരണമെന്ന് പറഞ്ഞതോടെ ക്ഷുഭിതരായ ജനങ്ങൾ ആശുപത്രിക്ക് സമീപമുള്ള ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഡോക്ടറെ ഉടൻ എത്തിക്കുക, കൊലയാളി ആനയെ പിടികൂടുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. പൊൻ ജയശീലൻ എം.എൽ.എ, സി.പി.എം താലൂക്ക് സെക്രട്ടറി സി.കെ. മണി, പി. ഹനീഫ ഉൾപ്പെടെ നേതൃത്വം വഹിച്ചു. ആർ.ഡി.ഒ ശരവണ കണ്ണൻ, ഡി.എഫ്.ഒ കൊമ്മു ഓംകാർ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളുമായി ചർച്ച നടത്തി. ജില്ല ആശുപത്രിയിലെ വനിത ഡോക്ടറെ പോസ്റ്റ്മോർട്ടത്തിന് ചുമതലപ്പെടുത്തുകയും സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, നഷ്ടപരിഹാരം ഉടൻ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. ഒരാൾക്ക് സർക്കാർ ജോലി, ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടികളെടുക്കുമെന്നും ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഓവാലി പഞ്ചായത്തിൽ 12 മണിക്കൂറിനിടെ രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ കടതുറക്കാൻ പുറപ്പെട്ട ആറോട്ടുപാറ തിരുവുള്ളവർ നഗറിലെ ആനന്ദ് (45) നേയും വെള്ളിയാഴ്ച രാത്രി 9.45 ന് ഭാരത്ത് മാളുവിനെയുമാണ് കാട്ടാന കൊലപ്പെടുത്തിയത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. GDR ROAD ROKO: ദേശീയപാത ഉപരോധിച്ച ജനങ്ങളും രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആർ.ഡി.ഒ ശരവണ കണ്ണൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.