തിരുവനന്തപുരം: ആക്കുളം കണ്ണാടിപ്പാലം (ഗ്ലാസ് ബ്രിഡ്ജ്) എന്ന ദീർഘനാളത്തെ കാത്തിരിപ്പിന് ഈ ഓണനാളിൽ വിരാമമാകുമോയെന്നാണ് തലസ്ഥാനവാസികളുടെ ചോദ്യം. നിര്‍മാണം പൂര്‍ത്തിയായി ഒരുവര്‍ഷം പിന്നിട്ട കണ്ണാടിപ്പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിച്ചു. ഇനി തീരുമാനമെടുക്കേണ്ടത് ടൂറിസം വകുപ്പും സർക്കാറുമാണ്.
വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയാണ് 1.20 കോടി ചെലവിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പാലം നിർമിച്ചത്. പരിപാലനച്ചുമതലയും സൊസൈറ്റിക്കാണ്. 70 അടി ഉയരവും 52 മീറ്റര്‍ നീളവുമുണ്ട് പാലത്തിന്. വിനോദസഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജാണ് ആക്കുളത്തേത്.
പൂർത്തിയായത് ഒരുവർഷം മുമ്പ്
2023 മേയിലായിരുന്നു മന്ത്രി പി.കെ. മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപനം നടത്തിയത്. 2024 ഫെബ്രുവരിയിൽ നിര്‍മാണം പൂര്ത്തിയെങ്കിലും പല കാരണങ്ങളാൽ തുറക്കൽ വൈകി. 2024 ഫെബ്രുവരി 14, മാർച്ച് 13 എന്നീ ദിവസങ്ങളിൽ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മുടങ്ങുകയായിരുന്നു. പാലത്തിന്റെ ഗ്ലാസിലുണ്ടായ വിള്ളലും ഉദ്ഘാടനം അനിശ്ചിതത്വത്തിലാക്കി. അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചെങ്കിലും കൂടുതൽ സുരക്ഷാ പരിശോധന ഉൾപ്പെടെ പൂർത്തിയായശേഷം മാത്രം തുറക്കാമെന്ന തീരുമാനത്തിലേക്കാണ് സർക്കാറും സൊസൈറ്റിയുമെത്തിയത്.
തുടർന്ന്, പാലത്തിന്റെ അവസ്ഥയെപ്പറ്റി പഠിക്കാന്‍ കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് വിദഗ്ധ സമിതികളെ സർക്കാർ നിയോഗിച്ചു. ഈസമിതികൾ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രഫസര്‍മാരും സുരക്ഷാ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിച്ചത്. പാലത്തിലെ കണ്ണാടിപ്പാളികൾക്ക് കൂടുതൽ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച പൂർണമായ റിപ്പോർട്ട് ടൂറിസം വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ഉദ്ഘാടന തീയതി നിശ്ചയിക്കേണ്ടത് ഇനി ടൂറിസം വകുപ്പും സർക്കാറുമാണ്.
ആസ്വദിക്കാം കൃത്രിമ മഞ്ഞും മഴയും
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കണ്ണാടിപ്പാലം ഒരുങ്ങിയത്. ഗ്ലാസ് ബ്രിഡ്ജില്‍ നിന്നുനോക്കിയാല്‍ സഞ്ചാരികള്‍ക്ക് കായലും മനോഹരമായ ഭൂപ്രകൃതിയും കാണാന്‍ കഴിയും. കൂടാതെ, കൃത്രിമ മഞ്ഞും മഴയും അനുഭവിച്ചറിയാം. എൽ.ഇ.ഡി ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രകാശവിന്യാസവും പ്രത്യേകതയാണ്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതാകും ഗ്ലാസ് ബ്രിഡ്ജിലെ കാഴ്ചകൾ. ഇതിനൊപ്പം സിപ് ലൈൻ, സ്കൈ സൈക്കിൾ, ഹൈ റോപ്പ് പാർക്ക്, ടോയ് ട്രെയിന്‍ സര്‍വിസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍ എന്നിവയും ഇവിടെയുണ്ട്. ആക്കുളത്ത് എത്തുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവം സമ്മാനിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയാണ് കണ്ണാടിപ്പാലം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.