തിരുവനന്തപുരം: മഴക്കാലത്തെ റോഡപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിത ഡ്രൈവിങ് നിർദേശങ്ങളും മുന്നറിയിപ്പുകളുമായി മോട്ടോർ വാഹനവകുപ്പും പൊലീസും. റോഡിൽ ചെറിയ അളവിലാണെങ്കിലും വെള്ളക്കെട്ട് ഉള്ളപ്പോൾ മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. മറ്റ് വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് തെറിക്കുന്ന ചളി വെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ച അവ്യക്തമാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുന്നതും അപകട കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ വിചാരിച്ചിടത്ത് വാഹനം നിൽക്കണമെന്നില്ല. മഴക്കാലത്ത് മുന്നിലെ വാഹനത്തിന്‍റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല. വാഹനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പും ബ്രേക്കിന്‍റെ പ്രവർത്തനവും സ്‌റ്റിയറിങ് ആക്‌ഷനുകളുമെല്ലാം യന്ത്രഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും വാഹനം റോഡിലൂടെ കൃത്യമായി ചലിക്കുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലമാണ്. മഴയുള്ള സമയങ്ങളിൽ റോഡിൽ വാഹനം തെന്നിനീങ്ങുന്ന ജലപാളി കെണിയാണ് (ഹൈഡ്രോപ്ലെനിങ്) അപകടങ്ങൾക്ക് പ്രധാന കാരണം.
എന്താണ് ജലപാളി കെണി
വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്‍റെ പമ്പിങ് ആക്‌ഷൻമൂലം ടയറിന് താഴെ വെള്ളത്തിന്‍റെ പാളി രൂപപ്പെടും. സാധാരണ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ ചാലുകളിൽകൂടി പമ്പ് ചെയ്ത് കളഞ്ഞ് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും. എന്നാൽ, വേഗം കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനെക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്കെത്തും. ഇതുമൂലം ടയറും റോഡും തമ്മിലെ ബന്ധം നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ്. റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടെ ബ്രേക്കിന്‍റെയും സ്റ്റിയറിങ്ങിന്‍റെയും ആക്സിലറേറ്ററിന്‍റെയും പ്രവർത്തനം സാധ്യമല്ലാതെ വരികയും നിയന്ത്രണം പൂർണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യും. വാഹനം തെന്നി മറിയാൻ ഇത് ഇടയാക്കും. വേഗം കുറയ്ക്കുകയാണ് ഈ 'ജലപാളി കെണി'യിൽനിന്ന് രക്ഷപ്പെടാനുള്ള പ്രധാന പോംവഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.