അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയെന്ന്​ പൊലീസ്​; വിളിച്ചു വരുത്തി കൊന്നുവെന്ന വാദം തള്ളി

തിരുവനന്തപുരം: പേട്ടയില്‍ അർധരാത്രി പെൺസുഹൃത്തിന്‍റെ വീട്ടിൽ യുവാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളുടെ വാദം തള്ളി പൊലീസ്​. കൊല്ല​പ്പെട്ട അനീഷ് ജോര്‍ജിനെ പ്രതിയും പെൺകുട്ടിയുടെ പിതാവുമായ സൈമൺലാൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, അനീഷ്​ വന്ന വിവരം പിന്നീടാണ്​ സൈമൺ അറിഞ്ഞതെന്നും മകളുടെ മുറിയിൽ യുവാവിനെ കണ്ടതോടെ കോപാകുലനായി കൊലപ്പെടുത്തുകയായിരുന്നു​വെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തൽ.

അനീഷ് രണ്ട് മണിക്കു മുമ്പ് തന്നെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. രാത്രി ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചിരുന്നു. രണ്ടു മണിക്ക്​ മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തി. വീടിന്‍റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടി രഹസ്യമായാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്‌ക്വാഡിന്‍റെ പരിശോധനയില്‍ കണ്ടെത്തി.

മൂന്നു മണിക്ക്​ ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. മുറിയില്‍ അനീഷിനെ കണ്ടതോടെ പ്രകോപിതനായ സൈമൺ​ലാൽ മുന്‍ വൈരാഗ്യം കൂടി വെച്ച് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു​.

കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ വഴക്ക് നടന്നതായി തെളിവില്ല. അയല്‍വാസികളുടെ മൊഴികളിലും ശബ്ദം കേട്ടെന്ന വിവരമില്ല. സംഭവത്തില്‍ പെൺകുട്ടിയുടെയും അനീഷിന്‍റെയും കുടുംബാംഗങ്ങളെ പൊലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. റിമാന്‍ഡിലുള്ള ലാലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന്​ അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ റിയാസ് രാജ പറഞ്ഞു.

Tags:    
News Summary - Police says Aneesh george arrived at girl's house before 2 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.