മുതലപ്പൊഴിയിലെ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ആംബുലൻസുകൾ.
ബോട്ടപകടത്തിൽ രണ്ടുപേർ മരിച്ചു
നെടുമങ്ങാട്: കഴിഞ്ഞ ദിവസം ഇടിഞ്ഞാർ മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് മരിച്ചവർക്ക് നാട് കണ്ണീരോടെ വിട നൽകി.
നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്തു സുനാജ് മൻസിലിൽ നസ്രിയ ഫാത്തിമ (ആറ്)നെടുമങ്ങാട് പുളിഞ്ചി പുത്തൻവീട്ടിൽ അബ്ദുല്ലയുടെ ഭാര്യ ഷാനി ബീഗം (34)എന്നിവരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ നാടിന്റെ നാനാതുറകളിൽ പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി.
ഞായറാഴ്ച വൈകീട്ടാണ് ബന്ധുക്കളായ 10 പേരടങ്ങിയ സംഘം മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപം വാഴത്തോപ്പ് ഭാഗത്ത് ചിറ്റാറിന്റെ കൈവഴിയായ മങ്കയം ആറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെടുകയായിരുന്നു.
ഇവർ ആറ്റിൽ നിൽക്കെ അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തി. ഒഴുക്കിൽപ്പെട്ട മറ്റുള്ളവരെ നാട്ടുകാരും സംഘത്തിലുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചെങ്കിലും നസ്രിയയെയും ഷാനിയെയും കാണാതായി. നസ്രിയയുടെ മൃതദേഹം ഞായറാഴ്ച രാത്രി അരകിലോമീറ്റർ മാറി കണ്ടെത്തിയെങ്കിലും ഷാനിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
ഷാനിയുടെ മക്കളായ ഹാദിയയും ഇർഫാനും ഒപ്പമുണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ട ഇവരെ ഷാനിതന്നെ രക്ഷിച്ചു കരക്കുകയറ്റി. തുടർന്ന് മറ്റാരെയോ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയ ഷാനിയെ ഒഴുക്കെടുക്കുകയായിരുന്നു. മക്കൾ നിസ്സഹായരായി നോക്കി നിൽക്കെയാണ് ഷാനി മലവെള്ളത്തിൽ ഒലിച്ചുപോയത്.
അതിന്റെ ഞെട്ടലിൽ പകച്ചുനിൽക്കുകയാണ് ഹാദിയയും ഇർഫാനും.
രണ്ടുപേരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വാളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.