കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാൽ. കൊല്ലപ്പെട്ട ആതിരയും പ്രതി ജോൺസനും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നു.
ഒരു വർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എല്ലാ മാസവും യുവതിയെ കാണാൻ ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. ഈ ബന്ധം അറിഞ്ഞ ഭർത്താവ് രാജീവ് പലപ്രാവശ്യം വിലക്കിയിരുന്നതുമാണ്.
ആതിരയും ജോൺസണും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ഇവർ ജോൺസണ് നൽകി.
കൃത്യത്തിന് മൂന്നുദിവസം മുമ്പും 2500 രൂപ ജോൺസൺ വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് പ്രതി പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ ചെല്ലണമെന്ന് ജോൺസൺ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കുട്ടിയുള്ളതിനാൽ കൂടെ വരാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ ജോൺസണ് യുവതി ചായ കൊടുത്തു.
പിന്നീടാണ് യുവതിയെ എന്തോനൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തിയത്. അന്നേദിവസം രാവിലെ ജോൺസൺ പെരുമാതുറയിലെ വാടക മുറിയിൽനിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. അഞ്ചുദിവസം മുമ്പാണ് പെരുമാതുറയിൽ ഇയാൾ വാടക മുറിയെടുത്തത്.
ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ. ഫിസിയോതെറപ്പിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുത്തിയിരുന്നത്.
ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു.
കൊല്ലത്തെയും കൊച്ചിയിലെയും വിലാസങ്ങൾ ഉപയോഗിച്ച് നിരവധി മൊബൈൽ കണക്ഷനുകൾ ജോൺസൺ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.