സ്വാ​ത​ന്ത്ര്യ ചി​ന്ത​യു​ണ​ർ​ത്തു​ന്ന ക​ന്യാ​കു​മാ​രി​യി​ലെ ഗാ​ന്ധി​മ​ണ്ഡ​പം

സ്വാതന്ത്ര്യസമരത്തിന്‍റെ കന്യാകുമാരി ഓർമകൾ

നാഗർകോവിൽ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെ തെക്കേ അതിർത്തിയായ കന്യാകുമാരിക്കും സ്വാതന്ത്ര്യസമരത്തിന്‍റെ ജ്വലിക്കുന്ന ഓർമകൾ പങ്കുെവക്കാനുണ്ട്. എന്നാൽ, ആ ഓർമകൾ കാലാകാലങ്ങളിൽ പകർന്നുനൽകാത്തതിനാൽ അവയെല്ലാം വിസ്മൃതമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. പകരം ഭാഷാടിസ്ഥാന ജില്ല രൂപവത്കരണ കാലത്തെ സംഭവങ്ങളാണ് പുതുതലമുറയുടെ മുന്നിലെ തിളങ്ങുന്ന ഓർമകൾ.

1809 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യമായി ശബ്ദിച്ച തിരുവിതാംകൂറിന്‍റെ ദിവാൻ വേലുത്തമ്പി ദളവയിൽ നിന്നാണ് സ്വാതന്ത്ര്യത്തിന്‍റെ വില അറിഞ്ഞത്. എന്നാൽ, ആ ശബ്ദം ബ്രിട്ടീഷുകാർക്ക് അടിയറെവക്കാതെ സ്വയം മണ്ണടിയിൽ അവസാനിപ്പിച്ചുവെന്നത് ചരിത്രം. 1908 ൽ ബെർലിനിൽ പഠനം പൂർത്തിയാക്കിയ ഡോ. ചെമ്പകരാമൻപിള്ള സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന പേരാണ്.

1919ൽ തിരുവനന്തപുരത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ സമിതി രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി നാഗർകോവിൽ സ്വദേശിയായ ഡോ.എം.ഇ. നായിഡുവുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു പലപ്പോഴും കന്യകുമാരി ജില്ലയിലും സമരങ്ങൾ സംഘടിപ്പിച്ചതും വിജയിപ്പിച്ചതും.

രാജഭരണപ്രദേശമായിരുന്നതിനാൽ അക്കാലത്ത് സവർണ, അവർണ വേർതിരിവും കൊടികുത്തി വാണിരുന്നു. എന്നാൽ, സ്വാതന്ത്ര്യസമരത്തിന്‍റെ കാര്യത്തിൽ അതിർവരമ്പുകളിടാതെ എല്ലാവരും ഒന്നിച്ച് അണിനിരന്നു.

വിപ്ലവ കവിതകളിലൂടെ സ്വാതന്ത്ര്യത്തിന്‍റെ വീര്യം പകർന്ന അംശിനാരായണപിള്ള, പുത്തേരിയിലെ കവിമണി ദേശീയ വിനായകം പിള്ള, ഇടലാക്കുടിയിലെ ഷെയ്ക്ക് തമ്പി പാവലർ എന്നിവരും സ്വാതന്ത്ര്യസമര ചരിത്രത്തിൽ കന്യാകുമാരിയുടെ വീരപോരാളികളാണ്.

മഹാത്മാഗന്ധിയുടെ അഹിംസാമാർഗത്തിലുള്ള സ്വാതന്ത്ര്യസമരമുറകളായ ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റ്, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം, ഉപ്പ് സത്യഗ്രഹം, വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രസ്ഥാനം എന്ന് തുടങ്ങി എല്ലാ സമരങ്ങൾക്കും തുണ നിൽക്കാൻ കന്യാകുമാരി സ്വദേശികളും ഉണ്ടായിരുന്നു. 1922 ഒക്ടോബറിൽ നാഗർകോവിലിൽ സരോജിനി നായിഡുവിന്‍റെ സന്ദർശനം കോൺഗ്രസുകാരിൽ ഉണർത്തിയ സ്വാതന്ത്ര്യവികാരം ചെറുതൊന്നുമല്ല. അക്കൂട്ടത്തിൽ സി. ദാമോദരൻ, എ. ഗബ്രിയേൽ നാടാർ, ശിവതാണുപിള്ള, എം.കെ. അബ്ദുൽ റഹിം, പി. ജീവാനന്ദം തുടങ്ങി നിരവധിപേരുണ്ട്. 1925-27 കാലഘട്ടങ്ങളിൽ മഹാത്മാഗാന്ധി നാഗർകോവിൽ സന്ദർശിച്ചതും അദ്ദേഹത്തിന്‍റെ വാക്കുകളിൽ ആവേശഭരിതരായി സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയവരും നിരവധി പേർ. ഖാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഖദർ വസ്ത്രം പ്രോത്സാഹിപ്പിക്കാനായി എം.ഇ. നായിഡുവിന്‍റെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ചവരിൽ നടരാജഅയ്യരും ഷേയ്ക്ക്തമ്പി പാവലരും കാശിപണ്ഡാരവും എം. ശിവതാണുപിള്ളയും ജി. രാമചന്ദ്രനും മുത്തുകറുപ്പാപിള്ളയും ഇലങ്കത്ത് രാമകൃഷ്ണപിള്ളയും കെ.എം. ഭൂതലിംഗപിള്ളയും എൻ. സുബ്രഹ്മണ്യപിള്ളയും തുടങ്ങി അനവധി പേരുണ്ട്.

നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരിൽ സി.പി. ഇളങ്കോ, എസ്.പി. മണി, കെ.വി. പരമേശ്വരൻനായർ, ഇ. പൊന്നയ്യനാടാർ, എസ്. കൃഷ്ണഅയ്യർ, നല്ലപെരുമാൾ എന്നിങ്ങനെ ഒരു നീണ്ടനിര കാണാം. വേദാരണ്യം ഉപ്പ് സത്യഗ്രഹവേളയിലും നിരവധിപേർ ഇവിടെ നിന്ന് പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു.

വിദേശവസ്ത്ര ബഹിഷ്കരണം, കള്ളുഷാപ്പ് ഉപരോധം എന്നിവയിൽ പങ്കെടുത്ത് വേദന അനുഭവിച്ചവർ ഇന്നും പാടിപ്പുകഴ്ത്താത്ത ധീരന്മാരായി ചരിത്രത്തിൽ അവശേഷിക്കുന്നു.

1947 ജനുവരിയിൽ സ്വാതന്ത്ര്യസമരകാലത്ത്, ശുചീന്ദ്രം തേരോട്ടത്തിനിടെ തേരിന്‍റെ മുകളിൽ തൃവർണപതാക കെട്ടിയതും തുടർന്ന് നടത്തിയ വെടിെവപ്പിൽ മൂന്ന് പേർ മരിച്ചതും ചരിത്രം. വൈക്കം സത്യഗ്രഹം കത്തിനിൽക്കുന്ന വേളയിൽ ശുചീന്ദ്രം രഥവീഥികളിൽ അവർണർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും അതിനെതിരെ നടന്ന സമരവും ചരിത്രത്തിന്‍റ താളുകളിലുണ്ട്.

വിവിധ രേഖകൾ പരിശോധിക്കുമ്പോൾ ഇരുന്നൂറിലധികം പേർ പല ഘട്ടങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്‍റെ പേരിൽ ശിക്ഷ അനുഭവിച്ചതായി രേഖകൾ പറയുന്നു. അവരിൽ പലരും ഓർമകളിൽ പോലുമില്ല. 

Tags:    
News Summary - freedom struggle memories kannyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.