തിരുവനന്തപുരം: ആത്മഹത്യ ചെയ്യാനൊരുങ്ങി റെയിൽേവ ട്രാക്കിലൂടെ നടന്ന യുവതിയെ ട്രെയിനിനു മുന്നിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി. മണ്ണന്തല സ്വദേശിനിയെയാണ് വഞ്ചിയൂർ പൊലീസ് രക്ഷിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം റെയിൽവേ ട്രാക്കിലിറങ്ങി തമ്പാനൂർ ഭാഗത്തേക്ക് നടന്നു. ഇതുകണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും യുവതി ഉപ്പിടാംമൂട് പാലത്തിനടുത്തുവരെ നടന്നെത്തിയിരുന്നു.
പിന്നാലെ, പൊലീസ് വരുന്നതു കണ്ട യുവതി വേഗത്തിൽ മുന്നോട്ട് ഓടി. ഈ സമയം തമ്പാനൂർ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസ് കൈയുയർത്തി ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും യുവതിക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ബ്രേക്കിടുകയും ചെയ്തു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്തെത്തിയപ്പോൾ നിന്നു. ഇതോടെ, പിറകെയെത്തിയ പൊലീസുകാർ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു. എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.