ശ്രീപാദം സ്റ്റേഡിയം കോംപ്ലക്സിലെ തേനീച്ചക്കൂട്

ആശങ്കയേറ്റി സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടത്തിൽ വീണ്ടും തേനീച്ചക്കൂടുകൾ

ആറ്റിങ്ങൽ: ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും തേനീച്ചകൂടുകൾ. വലിയകുന്ന് സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വലിയ തേനീച്ചക്കൂടുകൾ രൂപപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ സൺ ഷെയ്ഡിലാണ് കൂട്. ഇത് വലുതായിക്കൊണ്ടിരിക്കുന്നു.

ഇൻഡോർ സ്‌റ്റേഡിയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലും തേനീച്ചകൾ കൂടുകെട്ടിയിട്ടുണ്ട്. ഈ കെട്ടിടത്തിൽനിന്നുള്ള തേനീച്ചകളുടെ കുത്തേറ്റ് കഴിഞ്ഞ മാസം 12ന് രണ്ട് വളർത്തുനായ്ക്കൾ ചത്തിരുന്നു. സ്റ്റേഡിയത്തിന് സമീപത്തെ കാരുണ്യ വീട്ടിലെ വളർത്തുനായ്ക്കളാണ് ചത്തത്. നിരവധി യാത്രക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും കുത്തേറ്റു.

നാട്ടുകാർ പ്രതിഷേധിച്ചതോടെ സ്‌പോർട്‌സ് കൗൺസിൽ അധികൃതർ ഇടപെട്ട് പെസ്റ്റ് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയും അവരെത്തി കൂടുകൾ നീക്കംചെയ്യുകയുമായിരുന്നു. ആഴ്ചകൾ പിന്നിട്ടതോടെ വീണ്ടും കൂടുകൾ രൂപപ്പെട്ടു. എപ്പോഴും തിരക്കേറിയ സ്ഥലമാണിവിടെ. സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടത്തിൽ സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹോട്ടൽ, മെഡിക്കൽ സ്റ്റോർ, ലബോറട്ടറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വേനലവധിയായതിനാൽ ഹോസ്റ്റലിൽ കുട്ടികൾ താമസിക്കുന്നില്ല. മേയ് അവസാനത്തോടെ കുട്ടികൾ മടങ്ങിയെത്തും. നൂറിലധികം കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. തേനീച്ചക്കൂട് ഇവർക്കെല്ലാം ഭീഷണിയാണ്. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടായി തേനീച്ചക്കൂടുകൾ നീക്കംചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Concerns mount as beehives reappear in Sports Hostel building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.