108 ആംബുലന്‍സ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചതായി പരാതി

കൊല്ലം: ശ്രീകൃഷ്ണ ജയന്തി യാത്ര കടന്നുപോകവെ രോഗിയെ എടുക്കാന്‍ പോയ 108 ആംബുലന്‍സ് തടഞ്ഞുനിർത്തി ജീവനക്കാരെ ഒരുസംഘം ആക്രമിച്ചതായി പരാതി.

ആംബുലന്‍സ് ഡ്രൈവര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റിനും പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവറായ കൊല്ലം സ്വദേശി ശരത്തിനും (31), നഴ്‌സിങ് അസിസ്റ്റന്റ് ആലപ്പുഴ സ്വദേശിയായ വിനീഷിനുമാണ് (31) പരിക്കേറ്റത്. ശരത്തിന് തലക്കും കൈക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

വിനീഷിന് കഴുത്തിനാണ് പരിക്ക്. കാവനാട് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ജില്ല ആശുപത്രിയില്‍നിന്ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് അടിയന്തര ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്ത യുവാവിനെ എടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു ആക്രമണം. വള്ളികീഴ് ക്ഷേത്രത്തിന് സമീപം ആംബുലന്‍സ് എത്തിയപ്പോഴാണ് ഘോഷയാത്ര നിയന്ത്രിച്ച ഒരുസംഘം വാഹനം തടയുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. രോഗിയില്ലാതെ സൈറനിട്ട് പോകുന്നതെന്തിനാണെന്നും ഇത് മുടക്കാനാണോ എന്നും ചോദിച്ചായിരുന്നു ആക്രമണമെന്ന് ജീവനക്കാര്‍ പറഞ്ഞു. ആംബുലന്‍സിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ആക്രമണ ദൃശ്യങ്ങള്‍ ജീവനക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ടാണ് അക്രമികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് ഇടവഴിയിലൂടെയാണ് ഇവര്‍ ജില്ല ആശുപത്രിയിലെത്തിയത്. ഇരുവരും ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തികുളങ്ങര പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായി കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഇ.എം.ആര്‍.ഐ അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Complaint that 108 Ambulance was stopped and the employees were attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.