തിരുവനന്തപുരം: ചാല മാർക്കറ്റ് റോഡിലെ ഫ്രണ്ട്സ് നഗറിൽ മാസങ്ങളായി പൊട്ടിയൊഴുകുന്ന ഡ്രെയിനേജ് വ്യാപാരികൾക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. കഴിഞ്ഞ കുറെനാളായി ഇവിടത്തെ മാൻഹോൾ നിറഞ്ഞാണ് മാലിന്യം കലർന്ന മലിനജലം വഴിയിലൂടെ ഒഴുകുന്നത്.
മഴക്കാലത്ത് വളരെ ദുരിതമായിരുന്നു അവസ്ഥയെന്നാണ് പരിസരവാസികൾ പറയുന്നത്. പൊട്ടിയൊഴുകുന്ന മലിനജലത്തിൽ ചവിട്ടി മാത്രമേ നടക്കാൻ കഴിയൂ. ചാല കൗൺസിലറോടും മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഡ്രെയിനേജ് ഓഫിസിലും പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരമായില്ലെന്ന് വ്യാപാരികൾ പറയുന്നു.
വീണ്ടും പരാതിയുമായി ഇവർ രംഗത്തുവന്നതോടെ ഇന്നലെ രാവിലെ തൊഴിലാളികളെത്തി മാൻഹോൾ മൂടി എടുത്തുമാറ്റി തടസ്സം നീക്കി. പുറത്തേക്കുള്ള മലിന ജലത്തിന്റെ ഒഴുക്ക് താൽക്കാലികമായി നിന്നെങ്കിലും പുറത്ത് കെട്ടിക്കിടക്കുന്ന മലിനജലം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്. മാൻഹോൾ പൂർണ സജ്ജമാക്കി ഒഴുക്ക് സുഗമമാക്കിയെങ്കിൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുകയുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. താൽക്കാലികമായി നടത്തിപ്പോകുന്ന പരിഹാര മാർഗങ്ങൾ ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി അധികൃതരുടെ ശ്രദ്ധപതിയണമെന്നും ശാശ്വതപരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.