കിഷോര്‍, പിടിച്ചെടുത്ത കഞ്ചാവ് പിറകിൽ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ പൊലീസും നാർകോട്ടിക് വിഭാഗവും റൂറല്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ 198.62 കിലോ കഞ്ചാവ് പിടികൂടി. ഒരാള്‍ അറസ്റ്റിലായി. പുനലാല്‍ തണ്ണിയൂര് ശങ്കര ഭവനില്‍ കിഷോര്‍ (39) ആണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ തണ്ട്രാംപൊയ്കയില്‍ പ്രതി താമസിച്ചിരുന്ന വാടകക്കെട്ടിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് സംബന്ധിച്ചുള്ള രഹസ്യവിവരം ആദ്യം കിട്ടുന്നത് വെഞ്ഞാറമൂട് പൊലീസിനാണ്. തുടര്‍ന്ന് ഇക്കാര്യം റൂറല്‍ ജില്ല പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന് കൈമാറുകയും അവരുടെ നിർദേശമനുസരിച്ച് ശനിയാഴ്ച പുലര്‍ച്ച ഒന്നോടെ പരിശോധന നടത്തുകയും ചെയ്തു. പ്രതിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ തട്ടിന് പുറത്ത് ആറ് കിലോ തൂക്കം വരുന്ന 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.
പിന്നീട് ഇയാളെ സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കാറുകള്‍ വാടകക്കെടുത്ത് ആന്ധ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് കൊണ്ടുവരികയും ഏജന്റുമാര്‍ മുഖേന വിവിധ ഭാഗങ്ങളില്‍ വിൽപന നടത്തുകയുമാണ് ചെയ്യുന്നതെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു.
നാർകോട്ടിക് വിഭാഗം ഡിവൈ.എസ്.പി. വി.ടി. രാസിത്, ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വെഞ്ഞാറമൂട് സ്റ്റേഷനിലെ എസ്.ഐമാരായ വിനീഷ്, ഷാജി, എ.എസ്.ഐ സനിത, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ അഷറഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാമകുമാര്‍, ഗോപകുമാര്‍, സ്റ്റെഫി, ഡാന്‍സാഫ് ടീം അംഗങ്ങളായ ഷിജു, വിനോദ്, ദിലീപ്, ബിജു, എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.