ആര്യങ്കോട് പൊലീസ് സ്റ്റേഷൻ വളപ്പ് പിടിച്ചെടുത്ത വാഹനങ്ങളാൽ നിറഞ്ഞനിലയിൽ
വെള്ളറട: ആര്യങ്കോട്, വെള്ളറട പൊലീസ് സ്റ്റേഷന് പരിസരം തൊണ്ടിവാഹനങ്ങളുടെ ശവപ്പറമ്പാവുന്നു. ഇവയിൽ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറി വരെയുണ്ട്. മലയോരമേഖലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളാണിവ. പലതും മോഷണവാഹനങ്ങളും മറ്റുചിലത് കേസുകളില്‍ സമയബന്ധിതമായി വിട്ടുകൊടുക്കാന്‍ കാലതാമസം ഉണ്ടായവയുമാണ്. ഇവക്കിടയില്‍ കാടുകയറിയതിനാല്‍ പാമ്പ് ഉള്‍പ്പെടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
ആര്യങ്കോട് പൊലീസ് സ്റ്റേഷന് സ്ഥലസൗകര്യക്കുറവുമൂലം റോഡിനോട് ചേര്‍ന്ന് മുന്‍വശം ചുറ്റുമതിലില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ ഒരുവശത്തും പിന്‍ഭാഗത്തുമായി പിടിച്ചെടുത്ത വാഹനങ്ങള്‍കൊണ്ട് പരിസരം നിറഞ്ഞുകഴിഞ്ഞു. ഇതിനിടയില്‍ക്കൂടി നടന്നുപോകാന്‍ പോലും കഴിയുന്നില്ല. സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാനായുള്ള ഷെഡിന് സമീപത്തും വാഹനങ്ങള്‍ കൊണ്ടിടുകയാണ്. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോകളും ഇവിടെയും വലിയ വാഹനങ്ങള്‍ പലതും പാതയോരത്തുമാണ് കൊണ്ടിട്ടിട്ടുള്ളത്. വെള്ളറടയിലെ വാഹനക്കൂമ്പാരത്തിനിടയില് പലതവണ പാമ്പിന്റെ ശല്യമുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങളും ആഡംബര കാറുകളും ഉള്‍പ്പെടെ ഇവിടെയുണ്ട്. കേസുകളില്പ്പെടുമെന്നതിനാല് ഉടമസ്ഥരില്‍ ഭൂരിഭാഗവും വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ എത്താറില്ല. ഇക്കാരണത്താല്‍ ഈ കേസുകളില്‍ തുടരന്വേഷണവും നിലക്കുന്നു.
പിടികൂടി മാസങ്ങള്‍ പിന്നിടുമ്പോള്‍ ചില വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ നഷ്ടപ്പെടാറുമുണ്ട്.
കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ തെരുവുപട്ടികളുടെ ശല്യവുമുണ്ട്. ഇത് സ്റ്റേഷനില്‍ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നു. നിയമ നടപടികള്‍ വൈകുന്നത് കാരണം വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവില്‍ മുതല്‍ക്കൂട്ടേണ്ട ലക്ഷങ്ങളാണ് പാഴാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.