പു​ന്ന​മൂ​ട് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ബു​ധ​നാ​ഴ്ച ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത ചൂ​ര​മീ​ൻ

പുന്നമൂട് മാർക്കറ്റിൽനിന്ന് 200 കിലോ ചീഞ്ഞ ചൂര പിടികൂടി

വർക്കല: പുന്നമൂട് പബ്ലിക് മാർക്കറ്റിൽ നിന്ന് ബുധനാഴ്ച മാത്രം കേടുവന്നതും രാസവസ്തുക്കൾ കലർത്തിയതുമായ 200 കിലോ ചൂര മീൻ പിടികൂടി. നഗരത്തിലെ ഏറ്റവും വലിയ പബ്ലിക് മാർക്കറ്റാണ് പുന്നമൂട് മാർക്കറ്റ്. നൂറോളം മത്സ്യക്കച്ചവടക്കാർ ഇവിടെ നിത്യേന മീനുമായി വിൽപനക്കെത്താറുണ്ട്.

പുന്നമൂട് മാർക്കറ്റിലെ മത്സ്യ വിൽപനയെ സംബന്ധിച്ച് നഗരസഭക്കും ഫുഡ് സേഫ്റ്റി വിഭാഗത്തിനും നിരന്തരം പരാതികൾ ലഭിക്കുന്നതും അടിക്കടി അധികൃതർ പരിശോധന നടത്തുന്നതും പതിവാണ്. പഴകിയതും പുഴുവരിച്ചതും മാരകമായ രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യം വിൽപനക്ക് വെച്ചത് പിടിച്ചെടുക്കാറുമുണ്ട്. ഇത്തരത്തിലുള്ള മത്സ്യം വിൽക്കാൻ ശ്രമിച്ചവരിൽ നിന്നെല്ലാം പിഴ ഈടാക്കുകയും പിടികൂടി മത്സ്യം നശിപ്പിക്കുന്നതും പതിവാണ്. എങ്കിലും ഉപയോഗശൂന്യമായ മത്സ്യം വിൽപന മാത്രം തടയാനാകുന്നില്ല. മിന്നൽ പരിശോധന നടത്തിയതിന്‍റെ അടുത്ത ദിവസം ഇവിടെ നല്ല മത്സ്യം ലഭിക്കുമെങ്കിലും മൂന്നാംനാൾ മുതൽ പിന്നെയും പഴയ പടിയാകും കാര്യങ്ങൾ.

മത്സ്യക്കച്ചവടത്തിനെത്തുന്ന എല്ലാവരും പക്ഷേ, കുഴപ്പക്കാരല്ല. കടപ്പുറങ്ങളിൽ നിന്ന് നേരിട്ട് മത്സ്യം ശേഖരിച്ച് വിൽപനക്കെത്തിക്കുന്നവർ ഇവിടെ ധാരാളമുണ്ട്. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന മത്സ്യമാണ് ഉപയോഗശൂന്യമായതിലേറെയും.

നാവായിക്കുളം, 28ാം മൈൽ, ആലംകോട് എന്നിവിടങ്ങളിലെ കമീഷൻ മൊത്തക്കടകളിൽ നിന്ന് മാർക്കറ്റിലെത്തുന്ന മത്സ്യമാണ് അപകടകാരികൾ. മാർക്കറ്റുകളിലും വരിയോരങ്ങളിലും പ്രാദേശികമായി സൈക്കിളുകളിലും ഇരുചക്ര വാഹനങ്ങളിലും കൊണ്ടുനടന്ന് വിൽപന നടത്തുന്നവരിൽ ഭൂരിഭാഗം പേരും മായം കലർന്ന മീനാണ് വിൽക്കുന്നത്.

മിക്കവാറും എല്ലാ ദിവസങ്ങളിലും പുന്നമൂട് മാർക്കറ്റിൽ മിന്നൽ പരിശോധന നടത്താനാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം. ഫുഡ് സേഫ്റ്റി ഓഫിസർ പ്രവീൺ, വർക്കല നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ, അനീഷ്, സരിത, അരുൺ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - 200 kg of dead fish seized from Punnamudu market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.