മുതലപ്പൊഴി ഹാർബർ
ചിറയിൻകീഴ്: മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ മണ്ണടിഞ്ഞുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫിഷറീസ് മന്ത്രി, ഇറിഗേഷൻ മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് മണ്ണെടുക്കാൻ തീരുമാനമായത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയാണ് മണ്ണ് നീക്കം ചെയ്യുന്നത്. മാസങ്ങൾക്കുമുമ്പുതന്നെ ഉദ്യോഗസ്ഥസംഘം ഇത് സംബന്ധിച്ച് ശിപാർശ സമർപ്പിച്ചിരുന്നു. മണ്ണ് നീക്കുന്നതിനും ഇത് ദേശീയപാത അതോറിറ്റിക്ക് കൈമാറുന്നതിനുമാണ് ശിപാർശ നൽകിയിരുന്നത്. എം.എൽ.എയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഇതിനായി കഴിഞ്ഞദിവസം അനുമതി നൽകി സർക്കാർ ഉത്തരവായി.
ജലവിഭവവകുപ്പുമായി ആലോചിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പും എൻ.എച്ച്.എ.ഐയും തമ്മിൽ ധാരണപത്രം ഒപ്പുവെക്കാനും ഉത്തരവിൽ പ്രകാരം നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ നീക്കുന്ന മണ്ണ് എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം ഒഴിവാകും. നീക്കം ചെയ്യുന്ന മണലിന് സംസ്ഥാന സർക്കാറിനോ ഹാർബർ എൻജിനീയറിങ് വകുപ്പിനോ ഒരുവിധ ഫീസോ ചാർജുകളോ നൽകുന്നതിൽനിന്ന് ദേശീയപാത അതോറിറ്റിയെ ഒഴിവാക്കിയിട്ടുണ്ട്.
എൻ.എച്ച് 66ന്റെ കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ള ഭാഗത്തെ നിർമാണാവശ്യങ്ങൾക്കാണ് ഈ മണ്ണ് ഉപയോഗിക്കുക. ഡ്രഡ്ജിങ് ജോലികളുടെ തുടക്കത്തിലെയും ഒടുവിലത്തെയും അളവുകൾ ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും അനുവാദത്തോടും കൂടി രേഖപ്പെടുത്തണം. കെ.ഇ.ആർ.ഐ റിപ്പോർട്ട് പ്രകാരം ഈ മണ്ണ് എൻ.എച്ച് 66 ന്റെ ഫില്ലിങ് ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണം. മറ്റ് ആവശ്യങ്ങൾക്ക് കൈമാറാൻ പാടില്ല.
മത്സ്യബന്ധനത്തിന് തടസ്സമില്ലാതെയും പാരിസ്ഥിതികചട്ടങ്ങൾ പാലിച്ചും ജോലികൾ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം ദേശീയപാത നിർമാണത്തിന് മണൽ ഉപയോഗിക്കുന്നത് റോഡിന്റെ തകർച്ചക്ക് കാരണമാകുമോ എന്ന ആശങ്കയുമുണ്ട്. സാധാരണ മണ്ണ് നിറക്കുമ്പോഴുള്ള ഉറപ്പ് മണൽ മാത്രം നിറക്കുമ്പോൾ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.