പേരൂർക്കട: അനധികൃതമായി പ്രവർത്തിച്ചുവന്ന വഴിയോര തട്ടുകടകൾ പേരൂർക്കട പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചു. കഴിഞ്ഞദിവസം തട്ടുകട ഉടമകൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു എങ്കിലും ഇവർ ഒഴിയാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പേരൂർക്കട പൊലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി ഇവരെ ഒഴിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരുത്തിപ്പാറ-കേശവദാസപുരം റോഡിന്റെ ഒരു വശത്ത് പ്രവർത്തിച്ചുവന്ന 25 ഓളം തട്ടുകടകൾ ഒഴിപ്പിച്ചത്. ഈ ഭാഗത്ത് വ്യാപകമായി തട്ടുകടകൾ പ്രവർത്തിച്ചുവന്നത് മൂലം വാഹനഗതാഗതത്തിന് തടസ്സം നേരിട്ടിരുന്നു.
എം.സി റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുന്നു എന്ന് കാണിച്ച് നിരവധി പേരാണ് പൊലീസിലും നഗരസഭ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ കുറച്ചുദിവസം നിർത്തിവെക്കുന്ന തട്ടുകടകൾ വീണ്ടും സജീവമാവുകയാണ് പതിവ്. ഉന്നതങ്ങളിലെ സ്വാധീനം മൂലമാണ് ഇത്തരത്തിൽ കുറച്ചുനാൾ കൂടി പ്രവർത്തനാനുമതി ഇവർക്ക് ലഭിക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് മുട്ടട അജിത്ത് പറഞ്ഞു. വിദൂരസ്ഥലങ്ങളിൽ നിന്നുപോലും എത്തുന്ന ആൾക്കാർ വാഹനങ്ങൾ പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ കയറുന്നതിനാൽ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം ദുഷ്കരമായിരുന്നു.
ഇതിനെ തുടർന്നാണ് കടകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചതെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി. ഇനി തട്ടുകടകൾ പ്രവർത്തിപ്പിക്കുന്ന പക്ഷം കേസെടുക്കേണ്ടി വരും എന്ന് പൊലീസ് പറഞ്ഞു. അതിനിടെ മൊബൈൽ തട്ടുകടകൾ സ്ഥലത്തുനിന്ന് എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് ചെറിയതോതിൽ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. മൊബൈൽ തട്ടുകടകൾ നീക്കം ചെയ്യാൻ ഉടമകൾ തയാറാകാതിരുന്നതാണ് കാരണം. എന്നാൽ പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് വാക്കേറ്റം ഉണ്ടാക്കിയെങ്കിലും ഇവർ പിന്നീട് ഒഴിയാൻ തയാറാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.