തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശനിയാഴ്ചയോടെ ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ എന്ന് വിതരണമാരംഭിക്കാൻ കഴിയുമെന്നറിയാതെ മാനേജ്‌മെന്‍റ്. വെള്ളിയാഴ്ച രാവിലെയാണ് വെള്ളി, ശനി ദിവസങ്ങളിൽ ശമ്പളം കൊടുത്തുതീർക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ശമ്പളവിതരണം സംബന്ധിച്ച ഒരു നടപടിയും കെ.എസ്.ആർ.ടി.സിയിൽ ആരംഭിച്ചിട്ടില്ല. ധനവകുപ്പിൽ നൽകിയ 20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തിയെങ്കിലും ഇതിൽ 15 കോടിയും ഇന്ധന കമ്പനികളുടെ കുടിശ്ശിക തീർക്കാൻ അടച്ചു. സർക്കാറിൽനിന്ന് പ്രതിമാസം ലഭിച്ചിരുന്ന 30 കോടി ഇക്കുറി കിട്ടിയില്ല. കൺസോർട്യം വായ്പ തിരിച്ചടവിനുള്ള സഹായമെന്ന നിലയിലാണ് എല്ലാ മാസവും 30 കോടി ധനവകുപ്പ് നൽകുന്നത്. ഈ തുക ശമ്പളവിതരണത്തിനായി ഉപയോഗിക്കുകയും കലക്ഷനിൽനിന്ന് വായ്പ തിരിച്ചടവിനുള്ള തുക മാറ്റിവെക്കുകയുമാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്. ധനവകുപ്പിന്‍റെ 30 കോടി എന്ന് ലഭിക്കുമെന്നും മാനേജ്മെന്റിന് ഉറപ്പില്ല. ഇത് ലഭിച്ചാലേ ജൂലൈയിലെ ശമ്പളവിതരണത്തിന് നടപടി തുടങ്ങാനാകൂ. ഇതിനിടെ, കെ.എസ്.ആര്‍.ടി.സിക്കുള്ള 250 കോടി രൂപയുടെ രക്ഷാ പാക്കേജുമായി ബന്ധപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ ആന്‍റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ 17ന് ചര്‍ച്ച നടത്തും. മന്ത്രി ആന്‍റണി രാജു സമർപ്പിച്ച രക്ഷാ പാക്കേജില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. പാക്കേജിന്‍റെ ഭാഗമായി പ്രതിമാസ ധനസഹായമായ 50 കോടിക്ക് പുറമെ, 250 കോടി രൂപ കൂടി സര്‍ക്കാര്‍ നല്‍കും. ഓവര്‍ഡ്രാഫ്റ്റ് ഉള്‍പ്പെടെ ബാധ്യതകള്‍ അടച്ചുതീര്‍ത്താല്‍ പ്രതിമാസ വരുമാനത്തില്‍നിന്നുതന്നെ ശമ്പളം നല്‍കാനാകും. ഓരോ യൂനിറ്റും നിശ്ചിത വരുമാനം നേടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ അംഗീകരിച്ചാല്‍, എല്ലാ മാസവും അഞ്ചിന് മുടങ്ങാതെ ശമ്പളം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.