ഇടിഞ്ഞാർ ചെന്നെല്ലിമൂട്ടിൽ സ്കൂൾ വിദ്യാർഥികളെ ഓടിച്ച ആനയെ നാട്ടുകാർ കാട്ടിലേക്ക് തുരത്തിയോടിച്ചപ്പോൾ
ഇടിഞ്ഞാറിൽ സ്കൂൾ വിദ്യാർഥികളെ വീണ്ടും കാട്ടാന ഓടിച്ചു
പാലോട്: പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇടിഞ്ഞാർ ട്രൈബൽ സ്കൂളിലെ വിദ്യാർഥികളെ കാട്ടാന ഓടിച്ചു. ഇടിഞ്ഞാർ ചെന്നെല്ലിമൂട്ടിലായിരുന്നു സംഭവം. കാനന പാതകളിൽ കാട്ടു മൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് കൂട്ടമായാണ് വിദ്യാർഥികൾ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്നത്. അപ്രതീക്ഷിതമായി മുന്നിൽപെട്ട ആനയെ കണ്ട് കുട്ടികൾ പിന്തിരിഞ്ഞോടി. സ്കൂളിൽ തിരിച്ചെത്തി അധ്യാപകരോടും നാട്ടുകാരോടും വിവരം ധരിപ്പിച്ചു. അവർ കൂട്ടമായി ആനയെ കാട്ടിലേക്ക് ഓടിച്ചുവിടുകയായിരുന്നു. പിന്നീട്, കുട്ടികളെ സ്വകാര്യ വാഹനങ്ങളിൽ വീടുകളിൽ കൊണ്ടെത്തിച്ചു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ച് അഞ്ച് വിദ്യാർഥികളെ കാട്ടാന ഓടിച്ചിരുന്നു. ഇതേ പാതയിൽ മകളുമായി കാൽനടയായി പോകുകയായിരുന്ന അച്ഛനെ കാട്ടുപോത്ത് ആക്രമിച്ചിട്ടും അധികം ദിവസമായില്ല.
വന്യമൃഗ ശല്യമുള്ള മേഖലകളിൽ ആദിവാസി വിദ്യാർഥികളെ വാഹനങ്ങളിൽ പള്ളിക്കൂടത്തിലും തിരിച്ച് വീട്ടിലുമെത്തിക്കുന്നതിനുള്ള ഗോത്രസാരഥി പദ്ധതി ആവിഷ്കരിച്ചിരുന്നു. സ്കൂൾ തുറന്ന് ഒരാഴ്ചയായിട്ടും ഗോത്ര സാരഥി ആരംഭിച്ചില്ല. കഴിഞ്ഞ വർഷങ്ങളിൽ പട്ടിക വർഗ വകുപ്പ് നേരിട്ട് നടത്തിയിരുന്ന പദ്ധതിയുടെ ഇപ്പോഴത്തെ ചുമതല ഗ്രാമപഞ്ചായത്തുകൾക്കാണ്.
വനത്തിനുള്ളിൽ ആഹാരവും വെള്ളവും കുറഞ്ഞതു കാരണമാണ് കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. മുൻ കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ താൽക്കാലിക കുളങ്ങൾ നിർമിച്ച് മൃഗങ്ങൾക്ക് വെള്ളം ഒരുക്കുമായിരുന്നു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞ ഭാവം നടിക്കുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.