അരുണ്‍ രാജൻ,ഡോ.കെ.എന്‍.ഷൈജു, അരുണ്‍ ബാബു
പാലോട് : ഇരുമുന്നണികളെയും മാറിമാറി വരിച്ച ചരിത്രമാണ് ജില്ല പഞ്ചായത്ത് പാലോട് ഡിവിഷനുള്ളത്. മൂന്ന് മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത് പുതുമുഖങ്ങളെയാണ്. എല്‍.ഡി.എഫിന് വേണ്ടി ഡോ. കെ.എന്‍.ഷൈജുവും യു.ഡി.എഫിന് അരുണ്രാജനും ബി.ജെ.പിക്ക് അരുണ്‍ബാബുവുമാണ് ഏറ്റുമുട്ടുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിപക്ഷം ജില്ല ഡിവിഷനുകളും യു. ഡി. എഫിനെ കൈവിട്ടപ്പോഴും കൂടെനിന്നതിന്റെ ആത്മവിശ്വാസം ഇവിടെ അവർക്കുണ്ട്. 2020 ലെ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിലെ സോഫി തോമസ് എല്‍.ഡി.എഫിലെ റീജയെ 224 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു.
അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് നന്ദിയോട് രാജന്റെയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സുഖീ രാജന്റെയും മകനാണ് യു.ഡി.എഫ് സ്ഥാനാർഥി അരുണ്‍രാജന്‍. ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് ഇത് കന്നിയങ്കമാണ്. തന്റെ മുന്‍ഗാമി സോഫി തോമസ് രണ്ട് ടേമുകളായി പൂര്‍ത്തീകരിച്ച പദ്ധതികള്‍ മുന്‍നിര്‍ത്തിയും വികസന തുടര്‍ച്ചക്കും വേണ്ടിയാണ് അരുൺ വോട്ടുതേടുന്നത്.
കെ. എസ്. യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അരുണ്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മണ്ഡലത്തിലേയും ജില്ലയിലേയും ഭാരവാഹിത്വങ്ങള്‍ എന്നിവ വഹിച്ചിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ജൈവ പച്ചക്കറി കൃഷിവ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളിലും സജീവമാണ്. ജില്ലാ കുടുംബശ്രീ മിഷന് കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡോ. കെ.എൻ. ഷൈജുവിനെയാണ് ഇടതു മുന്നണി പോരാട്ടത്തിന് രംഗത്തിറക്കിയിരിക്കുന്നത്.
അധ്യാപനരംഗത്തു നിന്നുമാണ് കെ.എൻ.ഷൈജു രാഷ്ട്രയ രംഗത്തെത്തിയത്. കുടുംബശ്രീ സ്കോള്‍ കേരള ഡയറക്ടര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. മുമ്പ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററായി അഞ്ച് വര്‍ഷക്കാലം പ്രവർത്തിച്ചു.അഞ്ച് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള കെ.ആര് ഷൈജു സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ്.
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള നന്ദിയോട് സ്വദേശി അരുണ്‍ബാബുവാണ് ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ എക്സിക്യുട്ടീവ് അംഗം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. എല്‍.എല്‍.ബി അവസാനവര്‍ഷ വിദ്യാർഥികൂടിയാണ് അരുൺ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.