പൊളിച്ചു മാറ്റാനൊരുങ്ങുന്ന വേങ്കവിളയിലെ വഴിയമ്പലം
നെടുമങ്ങാട്: താലൂക്കിൽ നൂറ്റാണ്ടുകളായി വഴിയാത്രക്കാർക്ക് താങ്ങും തണലുമൊരുക്കിയ അവശേഷിക്കുന്ന വഴിയമ്പലവും വഴിക്കിണറും വിസ്മൃതിയിലാകുന്നു. നെടുമങ്ങാട്-വെമ്പായം റോഡിൽ വേങ്കവിള ജങ്ഷനിലെ വഴിയമ്പലവും കിണറും പഴകുറ്റി-വെമ്പായം റോഡ് നവീകരണത്തിനായി പൊളിച്ചുമാറ്റുന്നതോടെയാണ് ചരിത്രശേഷിപ്പുകൾ നാടിന് അന്യമാകുന്നത്.
ആധുനിക കാലത്ത് വഴിയമ്പലങ്ങളും കിണറുകളും സ്മാരകശിലകളായി മാറി. പലയിടത്തും ഉണ്ടായിരുന്നവ റോഡു വികസനത്തിനും മറ്റുമായി പൊളിച്ചുമാറ്റി. ചിലത് കാലപ്പഴക്കത്തിൽ നശിച്ചു. ചിലത് കൈയേറി. പഴകുറ്റി ജങ്ഷനിലെ പ്രധാന വഴിയമ്പലം ഇന്ന് ഗണപതി കോവിലാണ്.
പഴയ വഴിയമ്പലങ്ങളുടെ സ്ഥാനത്ത് ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിതമായതോടെ ഇവയുടെ പ്രസക്തി നഷ്ടമായെങ്കിലും ചില സ്ഥലങ്ങളിൽ നാട്ടുകാർ ഇവ പരിപാലിച്ചു നിർത്തിയിരുന്നു. അത്തരത്തിലൊന്നാണ് വേങ്കവിളയിലേത്. കാൽനടയും വില്ലുവണ്ടികളും കാളവണ്ടികളും യാത്രാമാർഗങ്ങളായിരുന്നപ്പോൾ വഴിയാത്രക്കാർക്ക് വിശ്രമിക്കുവാൻ പ്രധാന റോഡുകളുടെ വക്കിൽ നിർമിച്ചിരുന്നതാണ് വഴിയമ്പലവും വിശ്രമിക്കുന്നവർക്ക് ദാഹശമനത്തിനായുള്ള കിണറുകളും. ഇതോടൊപ്പം കരിങ്കല്ലിൽ തീർത്ത ചുമടുതാങ്ങികളും ഉണ്ടാകുമായിരുന്നു.
തലചുമടുമായി കാതങ്ങൾ താണ്ടിയെത്തുന്നവർ ചുമടുതാങ്ങിയിൽ ചുമടുകളിറക്കി കിണറിൽനിന്ന് വെള്ളം കോരി ദാഹം തീർത്ത് വഴിയമ്പലത്തിൽ വിശ്രമിച്ച് തുടർയാത്ര ചെയ്യുമായിരുന്നു. ചില വഴിയമ്പലങ്ങളിൽ വണ്ടി വലിക്കുന്ന കുതിരകൾക്കും കാളകൾക്കും വെള്ളം കൊടുക്കാൻ കരങ്കല്ലിൽ നിർമിച്ച വലിയ കൽപാത്രങ്ങളും സജ്ജമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.