കാട്ടാക്കടയിൽ മോഷണപരമ്പര

കാട്ടാക്കട: കാട്ടാക്കടയിൽ മോഷണപരമ്പര. ഒറ്റരാത്രിയിൽ രണ്ട്​ പള്ളികളിലും രണ്ട്​ കുരിശടിയിലും ഒരു ക്ഷേത്രത്തിലും കയറിയ ആയുധധാരികളായ കള്ളന്മാർ പണം കവരുകയും ആരാധനാലയങ്ങള്‍ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളിൽ കയറിയ കള്ളന്മാർ വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്​. ഇവ സി.സി ടി.വി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്​. കണ്ടെയ്​ൻമെൻറ് സോണുകളായ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ ശക്തമായ പൊലീസ് നിരീക്ഷണങ്ങള്‍ക്കിടെയാണ് മോഷണം.

ആമച്ചല്‍ മാതാ ദേവാലയം, കട്ടക്കോട് സെൻറ്​ അൻറണീസ് പള്ളി, കട്ടയ്​ക്കോട് ജങ്​ഷനിലെ കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണവും അതിക്രമങ്ങളും നടന്നത്.

ആമച്ചല്‍ ദേവാലയത്തിൽ തിരുവസ്ത്രങ്ങളും വിശുദ്ധ വസ്തുക്കളും എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. തിരുസ്വരൂപത്തിലെ നോട്ടുമാലയും കള്ളന്മാർ കൊണ്ടുപോയി. ഇതോടൊപ്പം അലമാരയിൽ ആരാധനക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഇവർ കുടിച്ചതായും ശേഷിച്ചവ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. കുരിശടി പൂട്ട് പൊളിച്ച്​ പണം കവർന്നു. കട്ടക്കോട് സെൻറ്​ ആൻറണീസ് ഫെറോന ദേവാലയത്തിലെ ജനൽ കമ്പി തകർത്തും വാതിൽ തകർത്തുമാണ് മോഷണസംഘം പള്ളിക്കുള്ളിൽ കയറിയത്. നാലംഗ സംഘം മാരകായുധങ്ങളുമായാണ് കവർച്ചക്കെത്തിയത്. പള്ളിക്കുള്ളില്‍ അലമാര കുത്തിത്തുറന്നു. സാധുജന സഹായനിധി കാണിക്കകളും കവർന്നു.

കട്ടക്കോട് ജങ്​ഷനിലെ സെൻറ്​ ആൻറണീസ് ദേവാലയത്തി​െൻറ അധീനതയിലുള്ള കുരിശടിയിലും ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടിയിലും കാണിക്കകൾ തകർത്ത്​ പണം കൊണ്ടുപോയി. മംഗലക്കൽ മുത്താരമ്മൻ ക്ഷേത്ര ട്രസ്​റ്റിൽ ഒമ്പതോളം കാണിക്കവഞ്ചികളും കുടങ്ങളും തകർത്ത്​ പണം കവർന്നു.

മാസങ്ങൾക്കുമുമ്പാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. ശേഷം കാണിക്ക പൊട്ടിച്ചിരുന്നില്ല. പതിനായിരത്തോളം രൂപയുടെ നഷ്​ടമുണ്ടായതായാണ് നിഗമനമെന്ന് ക്ഷേത്ര സെക്രട്ടറി മംഗലക്കൽ അജിത്കുമാർ പറഞ്ഞു.

Tags:    
News Summary - thefts in the kattakkada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.