അബന്യ ബസിടിച്ച് മരിച്ചതോടെ വിദ്യാർഥികള്‍ ഡിപ്പോ കവാടത്തില്‍ സമരം നടത്തുന്നു
കാട്ടാക്കട: അപകടക്കെണിയായി കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോ. കാട്ടാക്കട ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലെ ഒരുഭാഗത്താണ് യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും ബസ് കാത്ത് നില്‍ക്കാനും സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ കച്ചവടക്കാര്‍ കൈയേറിയതോടെ ബസ് കാത്തുനില്‍ക്കേണ്ടവര്‍ ബസ് സര്‍വിസ് നടത്തുന്ന ഭാഗത്തായി. ഇതോടെ അപകടം തുടര്‍സംഭവങ്ങളായി. തിങ്കളാഴ്ച ബസ് കാത്തുനിന്ന കോളജ് വിദ്യാർഥിനി അബന്യയുടെ ദാരുണാന്ത്യമാണ് ഒടുവിലത്തേത്.
ഡിപ്പോയിൽ എത്തിയാൽ നായ്ക്കളുടെ കടിയേൽക്കാതെ സൂക്ഷിക്കണം. നിരവധി നായ്ക്കളാണിവിടെ ചുറ്റിത്തിരിയുന്നത്. സന്ധ്യയായാല്‍ ഡിപ്പോ പരിസരം ഇരുട്ടിലാണ്. കടകൾ പൂട്ടിപ്പോയാല്‍ പിന്നെ ഗതികേടുതന്നെ. വിവിധ റൂട്ടുകളിലേക്ക് പോകേണ്ട ബസുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കാത്തതും അശാസ്ത്രീയമായ ബസുകളുടെ പാര്‍ക്കിങ്ങും യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്ക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ട സ്ഥലങ്ങളില്‍ കച്ചവടത്തിന് അനുമതി നല്കിയിരിക്കുന്നതുമൊക്കെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
അബന്യയുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ്
നിയന്തണം വിട്ട ബസ് ഡിപ്പോയിലെ ഷെല്‍ട്ടറിലേക്ക് പാഞ്ഞുകയറി കോളജ് വിദ്യാർഥിനി മരിച്ചതോടെ വിദ്യാർഥികൾ ഇളകി പ്രതിക്ഷേധമിരമ്പി. സ്കൂള്‍, കോളജുകള്‍ വിട്ട സമയമായതോടെ ഡിപ്പോ പരിസരം വിദ്യാർഥികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഇതിനിടെ വിദ്യാർഥികള്‍ സംഘടിച്ച് ബസുകള്‍ തടഞ്ഞിട്ടു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാർഥി പെരുമ്പഴുതൂര്‍ കിഴക്കേ വട്ട പുത്തൻവീട്ടിൽ അബന്യയണ് മരിച്ചത്.
കോളജ് വിട്ട് അബന്യയും കൂട്ടുകാരും വൈകീട്ട് മൂന്നരമണിയോടെയാണ് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെത്തിയത്. ഡിപ്പോയിലെ ഷെൽറ്ററില്‍ നിൽക്കുമ്പോഴായിരുന്നു അപകടം. അബന്യക്കൊപ്പമുണ്ടായിരുന്ന വിദ്യാർഥിനികള്‍ നിലവിളിച്ചു, ചിലര്‍ ബോധരഹിതരായി വീണു. ബസിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ച അബന്യയുടെ ചേതനയറ്റ ശരീരവും രക്തം തളംകെട്ടിക്കിടക്കുന്നതും കണ്ട് യാത്രക്കാരില്‍ പലരും ബോധരഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.