കുറ്റിച്ചൽ പരുത്തിപ്പള്ളി ഹൈസ്ക്കൂളിന് സമീപം അപകട ഭീഷണിയായി റോഡിലേക്ക് തള്ളി നിൽക്കുന്ന പാറ - കാട്ടാക്കട തൂങ്ങാംപാറ-കിള്ളി റോഡിൽ റിയാദ് പ്ലാസ
ജങ്ഷനിൽ മൂട് ദ്രവിച്ച് അപകടാവസ്ഥയിലായ മരം
കാട്ടാക്കട: റോഡരികില്‍ നില്ക്കുന്ന മരങ്ങള്‍ കാറ്റിലും മഴയിലും വീണ് അപകടങ്ങള്‍ പതിവായിട്ടും അപകടകരമായി നിൽക്കുന്ന മരങ്ങളും മണ്‍തിട്ടകളും പാറകൂട്ടങ്ങളും നീക്കം ചെയ്യാൻ നടപടിയില്ല. കഴിഞ്ഞദിവസം പൂവച്ചൽ നക്രാംചിറയിൽ യാത്രക്കാരുമായി പോയ കെ.എസ്.ആര്.ടി.സി ബസിന് മുകളിൽ മരംവീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം നാട്ടുകാരിലും യാത്രക്കാരിലും ഭീതിയേറി.
ബസപകടമുണ്ടായ സ്ഥലത്ത് രണ്ട് കൂറ്റൻ മരങ്ങൾകൂടി അപകട സ്ഥിതിയിൽ നിൽക്കുന്നുണ്ട്. കുറ്റിച്ചൽ പരുത്തിപ്പള്ളി ഹൈസ്ക്കൂളിന് റോഡിലേക്ക് തള്ളി നിൽക്കുന്ന പാറ ഏതുനിമിഷവും റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ്. പാറ ഇളകിയാൽ ഒരുഭാഗത്തെ മണ്ണ് പൂർണമായും ഇടിഞ്ഞ് റോഡിലേക്ക് വീഴും. കോട്ടൂർ ജങ്ഷനിലും വാഴപ്പള്ളിയിലും റോഡിനോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ കടപുഴകാവുന്ന സ്ഥിതിയിലാണ്.
വാഴപ്പള്ളിയിലെ പ്ലാവ് ഒരു വർഷത്തിലേറെയായി ഉണങ്ങി നിൽക്കുകയാണ്. ഇതിനടുത്തുകൂടി കെ.എസ്.ഇ.ബിയുടെ 11 കെ.വി. ഉൾപ്പെടുന്ന വൈദ്യുതിലൈനും കടന്നുപോകുന്നു. കോട്ടൂർ ജങ്ഷനിലെ മാവിന് അടിയിലായി നിരവധി വീടുകളും കടകളും 11 കെ.വി. ലൈനുമുണ്ട്. അടുത്തിടെ മാവിലെ മാങ്ങ ലേലം ചെയ്യാൻ മരാമത്ത് വകുപ്പ് അധികൃതർ എത്തിയപ്പോൾ നാട്ടുകാർ മരം മുറിച്ചുനീക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചിരുന്നു.
കുറ്റിച്ചൽ റോഡിൽ എലിമലക്ക് സമീപം റോഡരികിൽ ഉണങ്ങി നിൽക്കുന്ന ഇലവുമരവും അപകട ഭീതിയുണ്ടാക്കുന്നു. കാട്ടാക്കട തൂങ്ങാംപാറ-കിള്ളി റോഡിൽ സ്വകാര്യ ഡയറിക്ക് സമീപം റിയാദ് പ്ലാസ ജങ്ഷനിൽ മൂട് ദ്രവിച്ച് അപകടാവസ്ഥയിലുള്ള മരം മുറിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നെയ്യാർഡാം റോഡിൽ സർക്കാർ ആശുപത്രിക്ക് സമീപം റോഡരികിൽ ഉണങ്ങി നിൽക്കുന്ന മരം അപകടഭീതി ഉയർത്തുന്നു. ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് കൂറ്റൻ പഞ്ഞിമരം ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്.
ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരത്തിൽ മുള്ളുവള്ളികൾ പടർന്നതിനാലാണ് വീഴാത്തത്. തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിൽ റോഡരികിൽ ചുവട് ദ്രവിച്ചുനിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരം മുറിച്ചുനീക്കണമെന്ന ആവശ്യവും ഉയരുന്നു. റോഡിലേക്ക് തള്ളിനിൽക്കുന്ന മരം കടപുഴകിയാൽ ഏറെ തിരക്കുള്ള റോഡിൽ വലിയ അപകടം ഉണ്ടാകാം.
കൂടാതെ മരത്തിനടിയിലൂടെ വൈദ്യുതി ലൈൻ ഉൾപ്പെടെ കടന്നുപോകുന്നുണ്ട്. പട്ടകുളത്ത് വീരണകാവ് സർക്കാർ യു.പി സ്കൂൾ വളപ്പിൽ നിന്ന കൂറ്റൻ മരം നെയ്യാർഡാം റോഡിലേക്ക് കടപുഴകിയ അപകടം നടന്നിട്ട് രണ്ടുദിവസമായി. ഇവിടെ ഇനിയും രണ്ടുമരങ്ങൾ കൂടി കടപുഴകാവുന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.