കാട്ടാക്കട മിനി സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലെ മാലിന്യക്കൂമ്പാരം
കാട്ടാക്കട: നാടെങ്ങും പരിസ്ഥിതിദിനാഘോഷം നടക്കുമ്പോള്‍ താലൂക്ക് ഓഫിസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട മിനി സിവില്‍ സ്റ്റേഷനില്‍ മാലിന്യക്കൂമ്പാരം. സിവില്‍ സ്റ്റേഷനിലെ താഴത്തെ നില ആക്രിസാധനങ്ങളുടെ ശേഖരവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യവും കുന്നുകൂടി ചന്തക്കുസമാനമാണ്.
കാട്ടാക്കട താലൂക്ക് ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സബ് രജിസ്റ്റർ ഓഫിസ്, ഉൾപ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലാണ് പ്ലാസ്റ്റിക് മാലിന്യം കൂമ്പാരമായത്. ഇവിടെ മറ്റ് ആക്രിസാധനങ്ങളും കൈയടക്കിയതോടെ സിവില്‍ സ്റ്റേഷനിലെ താഴത്തെനില തീര്‍ത്തും കുപ്പത്തൊട്ടിയായി. ശോച്യാവസ്ഥ നിരവധിതവണ നിയമസഭാ സാമാജികര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും നീക്കാൻ ശ്രമമുണ്ടായിട്ടില്ല. തെരുവ് നായ്ക്കള്‍ കൊണ്ടിടുന്ന അറവ് മാലിന്യത്താൽ പരിസരം ദുര്‍ഗന്ധപൂരിതമാണ്.
അഞ്ച് വര്‍ഷം മുമ്പ് 16 കോടി ചെലവിൽ ആറ് നിലകളിലായി 53,025 ചതുരശ്രഅടി വിസ്തൃതിയില്‍ നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനിൽ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാല് വര്‍ഷം പോലും പൂര്‍ത്തിയായില്ലെങ്കിലും പതിറ്റാണ്ടിന്റെ പഴക്കമാണ് തോന്നിക്കുന്നത്. ഓരോ നിലയും മാറാലയും പൊടിപടലങ്ങളും ചപ്പുചവറുമാണ്. തെരുവുനായ്ക്കളുടെയും താവളമായതോടെ സന്ദർശകരും ഭീതിയിലാണ്. പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ നാഥനില്ലാത്ത അവസ്ഥയിലാണിവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.