കൊണ്ണിയൂരില്‍ ഏക്കര്‍ കണക്കിന് കൃഷിയിടം വെള്ളത്തിൽ

കാട്ടാക്കട: തുടരുന്ന മഴയില്‍ പൂവച്ചല്‍ പ്രദേശത്ത് നാശമേറെ. അശാസ്ത്രീയമായ റോഡ് നിർമാണം കാരണം പൂവച്ചല്‍ കൊണ്ണിയൂരില്‍ ഏക്കര്‍ കണക്കിന് പുരയിടം വെള്ളത്തിലായി. കൊണ്ണിയൂരിൽ നിന്നു പൊന്നെടുത്തകുഴി റോഡിലേക്ക് കയറുന്ന വഴിയിൽ പന്നിക്കുറ്റി, കുളത്തടി, മേലെമണ്ണറ, മണ്ണറ തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളത്തിലായത്.

കർഷക കുടുംബാംഗങ്ങളായ സീമ, പ്രേമകുമാരി, ഗിരീശൻ, ശശികലാ ദേവി, അനിൽ പ്രസാദ്, ശ്രീജിത്ത്‌ എന്നിവരുടെ രണ്ടേക്കറോളം വരുന്ന പുരയിടങ്ങളിലെ കൃഷി നശിച്ചു. കൊണ്ണിയൂർ ജുമാ മസ്ജിദിന് സമീപത്തു നിന്ന് കാപ്പിക്കാടിലേക്കു പോകുന്ന റോഡിന്‍റെ നിർമാണ വേളയിൽ സമീപത്തെ കൈത്തോട് നികത്തിയിരുന്നു.

ഇവിടേക്ക് ഒലിച്ചുവരുന്ന വെള്ളം ഒഴുകിപോകാൻ ഓട നിർമിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീടതുണ്ടായില്ല. നെൽക്കൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ റോഡ് വന്നശേഷം വെള്ളം കയറി മുങ്ങിയതിനെതുടർന്ന് കർഷകർ നെൽക്കൃഷി നിർത്തിവെച്ചു. പിന്നീട് വാഴയും തെങ്ങും കവുങ്ങുമൊക്കെ വച്ചുപിടിപ്പിച്ചെങ്കിലും എല്ലാം വെള്ളത്തിലാണിപ്പോൾ.

കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പോകാനുള്ള ചാലുകൾ ചിലർ അടച്ചിരിക്കുന്നതും പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടെന്നും ഈ വിവരങ്ങൾ കാണിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

Tags:    
News Summary - Acres of farmland in Konniyur are under water.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.