1. കോഴി മാലിന്യം റോഡിൽ തള്ളിയ നിലയിൽ, 2. കക്കൂസ് മാലിന്യം പുരയിടത്തിലേക്ക് ഒഴുക്കിയനിലയിൽ
കല്ലമ്പലം: മാലിന്യനിക്ഷേപത്തിൽ പൊറുതിമുട്ടി നാവായിക്കുളം നിവാസികൾ. കക്കൂസ് മാലിന്യവും കോഴിവേസ്റ്റും ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതിനുള്ള സ്ഥലമായി പഞ്ചായത്തിന്റെ വിവിധ മേഖലകൾ മാറിയിട്ട് വർഷങ്ങളായി. പലതവണ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്ന് പ്രതികളെ പിടികൂടി ഏൽപ്പിച്ചെങ്കിലും പ്രശ്നം വീണ്ടും ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വീണ്ടും മാലിന്യനിക്ഷേപം കണ്ടെത്തി.
നാവായിക്കുളം പഞ്ചായത്തിലെ മങ്ങാട്ടുവാതുക്കൽ സർവിസ് റോഡിൽ കഴിഞ്ഞദിവസം രാത്രി വ്യാപക മാലിന്യനിക്ഷേപമാണ് നടന്നത്. ഒരു ലോഡ് കോഴി വേസ്റ്റും കക്കൂസ് മാലിന്യവുമാണ് ഇവിടെ കണ്ടെത്തിയത്. റോഡിൽ തള്ളിയ കോഴി വേസ്റ്റ് രൂക്ഷമായ ദുർഗന്ധത്തിനിടയാക്കി. കക്കൂസ് മാലിന്യം റോഡരികിലുള്ള സ്വകാര്യവസ്തുക്കളിലേക്ക് ഒഴുക്കിവിട്ട നിലയിലാണ്. ദേശീയപാതയോരത്താണ് മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്.
പഞ്ചായത്തിലും പൊലീസിലും നിരവധി തവണ പരാതി കൊടുത്തിട്ടും പരിഹാരമില്ലാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. റോഡ് വഴി നടന്നുപോകാനോ വാഹനങ്ങൾ ഓടിക്കാനോ പറ്റാത്ത സ്ഥിതിയാണ്. 15 ലധികം തവണ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ സി.സി ടി.വി കാമറകൾ സ്ഥാപിച്ചാൽ മാലിന്യലോറികൾ പിടിച്ചെടുക്കാനാകും. മഴപെയ്താൽ മാലിന്യം തോട്ടിലേക്കിറങ്ങി ഒഴുകിപ്പരക്കും. ഇത് ജനങ്ങൾക്ക് മാരകമായ അസുഖങ്ങൾ പടരാനിടയാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.