മായം ആശുപത്രി
നാണ്യവിളകള്‍ മുതല്‍ ഭക്ഷ്യവിളകള്വരെ ആരെയും ആകര്‍ഷിക്കുന്ന കൃഷിത്തോട്ടങ്ങളാണ് ഇവിടുള്ളത്. എന്നാല്‍, ഭൂമി ഈടുെവച്ച് ആരും വായ്പ കൊടുക്കില്ല. എങ്കിലും ഇവിടുള്ള യുവതലമുറയിൽപെട്ട നിരവധി പേര് വിദേശരാജ്യങ്ങളില്‍ പോയി പണം സമ്പാദിച്ച് സുഖമായി ജീവിക്കുന്നു. രേഖയില്ലാത്ത ഭൂമിയില്‍ അനധികൃതമായി ബഹുനില കെട്ടിടങ്ങളും ഇവർ നിര്‍മിച്ചിട്ടുണ്ട്.
അധ്വാനം മുഴുവന്‍ വെള്ളത്തിലായപ്പോള്‍ ദുരിതക്കയത്തിലായ നിരവധി കുടുംബങ്ങളുണ്ട്. അത്തരത്തിലൊരു കുടുംബമാണ് മത്തായിയുടേത്. നാമമാത്രം കൃഷിഭൂമി മാത്രമായിരുന്നു മത്തായിയുടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. കര്‍ഷകരക്ഷക്കായി ഉയര്‍ന്ന അണക്കെട്ട് മത്തായിയുടെ കൃഷിഭൂമിയെയും വെള്ളത്തില്‍ മുക്കിയപ്പോള്‍ പരിസരത്ത് ശേഷിച്ച 50 സെന്റില്‍ മത്തായി അഭയം തേടി. ഇവിടെയൊരു ഓലപ്പുരയില്‍ താമസമായി. തുണ്ടുഭൂമിയില്‍ കൃഷിചെയ്ത് ജീവിതം തള്ളിനീക്കുമ്പോഴാണ് സഹോദരിക്ക് ഗുരുതര രോഗം വന്നത്.
ഡോക്ടർമാര്‍ അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിച്ചു. തുടര്‍ന്ന് ചികിത്സക്കായി പണംതേടി അലച്ചില്‍ തുടങ്ങി. ബാങ്കില്‍ നിന്നും ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത് ചികിത്സ നടത്താന്‍ ശ്രമിച്ചു. പട്ടയം ഇല്ലാത്ത ഭൂമിക്ക് വായ്പ നല്കാന് സഹകരണ സംഘങ്ങളും ബാങ്കുകളും സ്വകാര്യ പണമിടപാടുകാരുമൊന്നും തയാറായില്ല. ഒടുവില്‍ മത്തായി നട്ടുവളര്‍ത്തിയ പ്ലാവ് വിറ്റ് പണം കണ്ടെത്താൻ ആലോചിച്ചു. മരക്കച്ചവടക്കാരനെ എത്തിച്ച് മരംവില ഉറപ്പിച്ച് അഡ്വാന്‍സും വാങ്ങി.
മരം മുറിക്കാന്‍ ആളെത്തിയപ്പോള്‍ വനനിയമത്തിന്റെ ചുരുളഴിഞ്ഞു. പട്ടയം ഇല്ലാത്ത ഭൂമിയിലെ മരം മുറിച്ചാല്‍ കേസ് എടുക്കുമെന്നായിരുന്നു വനംവകുപ്പ്. ഇതോടെ മത്തായി വീണ്ടും വിഷമവൃത്തത്തിലായി. മറ്റ് വഴികളില്‍ പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ ചികിത്സക്ക് കാത്ത് നില്‍ക്കാതെ മത്തായിയുടെ സഹോദരി യാത്രയായി. പട്ടയപ്രശ്നം മത്തായിക്ക് നൽകിയ വേദനയും കണ്ണീരും അതുപോലെ നിരവധി വീട്ടുകാര്‍ക്ക് കണ്ണീരിന്റെ കയ്പുനീർ സമ്മാനിച്ചു.
കോണ്‍ക്രീറ്റ് വീടും കൃഷി ഭൂമിയുമൊക്കെയുണ്ടെങ്കിലും ഇവിടത്തുകാര്‍ക്ക് വായ്പ നല്കുന്നതില് സഹകരണസംഘങ്ങളും ബാങ്കുകളും ഇപ്പോഴും ഇവരെ പുറത്ത് തന്നെ നിർത്തിയിരിക്കുകയാണ്. ഇവിടത്തുകാര്‍ ക്രിമിനലുകളാണെന്ന് കരുതേണ്ട. അറിഞ്ഞോ അറിയാതെയോ ചെറിയ കേസുകളിലെങ്ങാനും പെട്ടുപോയവര്‍ കോടതി ജാമ്യത്തിന് ഭൂനികുതി രസീത് ജാമ്യക്കാരില്ലാത്തതിന്റെ പേരില്‍ ഒളിവില്‍ പോയവരും ജയിലിലായവരും നിരവധിപേരുണ്ട്. അയല്‍വാസികളും ബന്ധുക്കളുമാക്കെ അടുത്തുണ്ടെങ്കിലും ജാമ്യം നില്ക്കാന് ഇവര്‍ക്കാകില്ല. പ്രതിവര്‍ഷം ഇവിടെ കൃഷിചെയ്യുന്നത് കോടികളുടെ നാണ്യവിളകളും കാര്‍ഷികവിളകളും ആണ്.
അഞ്ചുചങ്ങല പ്രദേശത്തെ പട്ടയമില്ലാത്ത വസ്തുവിലുള്ള കെട്ടിടം
ഇതില്‍ നിന്ന് സര്‍ക്കാറിലേക്ക് യാതൊരു നികുതിയും ലഭിക്കുന്നില്ല. ഒരേക്കറിന് 200രൂപ വീതം ഈടാക്കിയിരുന്ന കുത്തകപ്പാട്ടപിരിവും ഇപ്പോഴില്ല. കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന സബ്സിഡികള്‍, സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ എന്നിവയൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.
നിർധനര്‍ക്കുള്ള ഭവനപദ്ധതികളുടെ ആനുകൂല്യത്തിനും ഇവിടത്തുകാര്‍ തഴയപ്പെടുകയാണ്. നിരവധി പേരാണ് സ്വന്തം മണ്ണില്‍ ചോരുന്ന കൂരകളില്‍ അഭയാർഥികളായി കഴിയുന്നത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നെയ്യാര്‍-അഞ്ചുചങ്ങല പ്രദേശത്തെ ഭൂമിയിൽ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ പ്രഖ്യാപനം കേട്ട് നെടുവീര്‍പ്പിടും. പ്രദേശത്ത് പ്രധാന കൃഷി റബറാണ്.
റബര്‍ ബോര്‍ഡില്‍ നിന്ന് സബ്സിഡി ലഭിക്കുകയോ റബറിന് ന്യായവില സബ്സിഡി ലഭിക്കുന്നതിനോ അര്‍ഹതയില്ല. ഈ അഞ്ചുചങ്ങല പ്രദേശത്ത് ആശുപത്രി, സ്കൂള്‍ എന്നിവയൊക്കെയുണ്ട്. കുട്ടികള്‍ക്ക് ബാങ്കില്‍ നിന്ന് വിദ്യാഭ്യാസവായ്പ ലഭിക്കാത്തതുകാരണം നിരവധി കുട്ടികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിന് പലരും അര്‍ഹത നേടിയെങ്കിലും പണമില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചവരും ഏറെയാണ്. ഇവിടുള്ള പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങിയത് നിരവധി. എന്നാൽ, സഞ്ചാരികള്‍ വിനോദത്തിനെത്തുമ്പോള് കൈവശരേഖപോലുമില്ലാത്ത വസ്തുവില്‍ കെട്ടിടം നിര്‍മിച്ച് ഇവിടെ താമസിക്കുന്നു.
തുടരും....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.