തിരുവനന്തപുരം: മൊഴിയെടുപ്പിെൻറ രണ്ടാംഘട്ടത്തിലും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കെ.പി.സി.സി അന്വേഷണസമിതിക്ക് മുന്നിൽ പരാതി പ്രവാഹം. കെ.എ. ചന്ദ്രൻ അധ്യക്ഷനായ മൂന്നംഗ മേഖലസമിതിക്ക് മുന്നിലാണ് ജില്ലയിൽ മത്സരിച്ച് പരാജയെപ്പട്ട സ്ഥാനാർഥികളും മണ്ഡലം നേതാക്കളും പരാതി അറിയിച്ചത്.
മിക്ക മണ്ഡലങ്ങളിൽനിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. സംഘടന ദൗർബല്യവും നേതാക്കളുടെ നിസ്സഹകരണവും മതിയായ പ്രവർത്തന ഏകോപനമില്ലായ്മയും മികവുള്ളവരെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിനിർത്തിയതും മിക്കയിടങ്ങളിൽനിന്നും പരാതികളായി. എന്നാൽ, നേതാക്കളെ അകറ്റുംവിധം നിലപാടെടുത്ത് പാർട്ടിയുടെ തോൽവിക്ക് വഴിയൊരുക്കിയ സ്ഥാനാർഥിക്കെതിരെ നടപടി വേണമെന്ന വേറിട്ട ആവശ്യമാണ് അരുവിക്കരയിൽനിന്ന് ഉണ്ടായത്.
തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട, വട്ടിയൂർക്കാവ്, പാറശ്ശാല മണ്ഡലങ്ങളിൽനിന്ന് വ്യാപക പരാതികളാണ് സമിതി മുമ്പാകെ എത്തിയത്. സംവരണ മണ്ഡലങ്ങളായ ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നിവിടങ്ങളിൽനിന്ന് കാര്യമായ പരാതിയുണ്ടായില്ല. മുതിർന്ന നേതാക്കളും ഗ്രൂപ്പുകൾക്കതീതമായി ഭാരവാഹികൾ ഉൾപ്പെടെ പ്രാദേശിക നേതാക്കളും വേണ്ടവിധം പ്രചാരണത്തിൽ സഹകരിച്ചില്ലെന്ന ആക്ഷേപമാണ് പാറശ്ശാലയിൽനിന്ന് ഉണ്ടായത്.
അറുപതിലേറെ ബൂത്തുകളിൽ സംഘടനാസംവിധാനം നിശ്ചലമായിരുന്നെന്നും പ്രഖ്യാപനം വൈകിയതിനാൽ ജനങ്ങൾക്ക് മുന്നിൽ വേണ്ടവിധം സ്ഥാനാർഥിയെ അവതരിപ്പിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും വട്ടിയൂർക്കാവിൽനിന്ന് പരാതി ഉയർന്നു. കാട്ടാക്കടയിൽ മുൻ സ്പീക്കർ കൂടിയായ എൻ. ശക്തൻ പ്രചാരണത്തിൽ നിസ്സഹരിച്ചതായി സമിതിക്ക് മുന്നിൽ പരാതിയെത്തി. സ്ഥാനാർഥിയായിരുന്ന സിറ്റിങ് എം.എൽ.എയുടെ ധിക്കാര സമീപനമാണ് തുടർച്ചയായി കോൺഗ്രസ് ജയിച്ചിരുന്ന അരുവിക്കരയിലെ പരാജയത്തിന് കാരണമായതെന്ന് ചിലർ സമിതിയെ അറിയിച്ചു.
കെ. മുരളീധരൻ ഒഴികെ ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളെല്ലാം സമിതിയുടെ മുന്നിലെത്തിയിരുന്നു. ഇനി സമിതിയോഗം ചേർന്ന് റിപ്പോർട്ട് തയാറാക്കി കെ.പി.സി.സിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.