തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കാൻ കുടുംബശ്രീക്കാർക്ക് പരിശീലനം തുടങ്ങി. കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പ്, ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് പരിശീലനം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പതിനഞ്ചുപേർ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം നൽകുന്നത്. ജില്ല കുടുംബശ്രീ മിഷനിൽ നിന്ന് ജില്ല പഞ്ചായത്ത് തെരഞ്ഞെടുത്ത് ലഭ്യമാക്കിയ പട്ടികയിൽനിന്നുള്ളവർ പങ്കെടുക്കും. കോർപറേഷൻ ഡോക്ടർമാരായ ശ്രീരാഗ്, അഞ്ജു, രാജേഷ് ബാൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ജില്ലയിൽ 50000 ത്തോളം തെരുവുനായ്ക്കളുണ്ട്. പേവിഷ പ്രതിരോധ കുത്തിവെപ്പ് കൊടുക്കുന്ന നായ്ക്കൾക്ക് പ്രത്യേകം അടയാളം നൽകി തിരികെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ തുറന്നുവിടും. പേട്ട എ.ബി.സി സെൻററിലും കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍ററിലുമാണ് പരിശീലനം.
മുമ്പ് കുടുംബശ്രീയിൽ ഉണ്ടായിരുന്ന നായ്പിടിത്തക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. മൃഗസംരക്ഷണനിയമത്തെക്കുറിച്ചും അവബോധം നൽകും.
പരിശീലനം ലഭിച്ചവരുടെ സേവനം കോർപറേഷനിൽ തെരുവുനായ്ക്കളെ പിടിക്കുന്നതിനായും പ്രയോജനപ്പെടുത്തും. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവരാണ് പരിശീലനാർഥികൾ.
പേട്ട മൃഗാശുപത്രിയിൽ നടന്ന പരിശീലനത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശൈലജ ബീഗം നിർവഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ടി.എം. ബീന ബീവി, ഡോ. ദിലീപ് ഇ, ഡോ. കെ.സി. പ്രസാദ്, ഡോ. ആശ ടി.ടി എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.