ആറ്റിങ്ങൽ: ദേശീയപാതയിൽ സ്കൂൾ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് 10 വിദ്യാർഥികളും ഒരു ആയയും ഉൾപ്പെടെ 11 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിൽ ആലംകോട് ജങ്ഷനിലായിരുന്നു അപകടം. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.
കല്ലമ്പലം ഭാഗത്തുനിന്ന് കുട്ടികളുമായി ആറ്റിങ്ങലിലേക്ക് വരവേ ആലംകോട് സിഗ്നലിൽ നിർത്തിയിരുന്ന ബസിൽ പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ സീറ്റിൽനിന്ന് താഴേക്ക് വീഴുകയും ചിലരുടെ മുഖം മുന്നിലെ സീറ്റിൽ ഇടിക്കുകയും ചെയ്തു. 31 വിദ്യാർഥികളാണ് സ്കൂൾ ബസിലുണ്ടായിരുന്നത്.
നാട്ടുകാർ പരിക്കേറ്റവരെ ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഓരോ രണ്ട് വിദ്യാർഥികളെ രക്ഷാകർത്താക്കൾ വന്നശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
സ്കൂൾ ബസിന്റെ പിൻവശവും കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗവും തകർന്നു. ട്രാഫിക് സിഗ്നലിന് മുന്നിൽ നിർത്താൻ കെ.എസ്.ആർ.ടി.സി ബസ് വേഗതകുറച്ചതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. ഈ ഭാഗത്ത് സിഗ്നൽ ലൈറ്റ് ഉണ്ടെന്ന കാര്യം ഗൗരവത്തിലെടുക്കാതെ അശ്രദ്ധമായി ഡ്രൈവിങ് നടത്തുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനുമുമ്പും കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടെ സമാനരീതിയിൽ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.