സിറ്റി സർക്കുലറിനായി 10 ഇലക്ട്രിക് ബസുകൾ കൂടി

തിരുവനന്തപുരം: നഗരത്തിലെ സിറ്റി സർക്കുലർ സർവിസുകൾക്കായി 10 ഇലക്ട്രിക് ബസുകൾ കൂടി. ഇതോടെ സിറ്റി സർവിസിലെ ഇലക്ട്രിക് ബസുകളുടെ എണ്ണം 35 ആയി. 50 ഇ-ബസുകൾക്കുള്ള ഓർഡറാണ് നൽകിയിരുന്നത്.

ആദ്യഘട്ടത്തിൽ 25 ബസുകളും ഇപ്പോൾ 10 ബസുകളുമാണ് ലഭിച്ചത്. ഉടൻ അഞ്ച് ഇ-ബസുകൾ കൂടി സിറ്റി സർക്കുലറിന്റെ ഭാഗമാകും. ഇവ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകൾ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് ബസുകൾക്ക് പുറമേ, ഡീസൽ ബസുകളും സിറ്റി സർക്കുലർ സർവിസിനായി നിരത്തിലുണ്ട്.

കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തുന്ന മുറക്ക് ഡീസൽ ബസുകൾ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഭാവിയിൽ സിറ്റി സർക്കുലറിന് ഇലക്ട്രിക് ബസുകൾ മാത്രമായിരിക്കുമുണ്ടാവുക. നിലവിൽ ഡീസൽ ബസുകൾ ഒരു കിലോമീറ്റർ സർവിസ് നടത്തുന്നതിന് 37 രൂപയാണ് ചെലവ് വരുന്നത്.

ഇ-ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവിസ് നടത്താൻ 23 രൂപമാത്രമാണ് ചെലവ്. നിലവിലെ ഇന്ധന വിലവർധനയുടെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ.

തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകളുമുണ്ട്. ദിനംപ്രതി 35,000 യാത്രക്കാർ സിറ്റി സർക്കുലറുകളെ ആശ്രയിക്കുന്നെന്നാണ് കണക്ക്. നഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സാന്നിധ്യമുണ്ട്. ഇടറോഡിൽ പോലും ഇ-ബസുകൾക്ക് സർവിസ് നടത്താമെന്നത് യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും.

ഒമ്പത് മീറ്ററാണ് ഇ-ബസുകളുടെ നീളം. ശരാശരി ഒന്നര മണിക്കൂർകൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽതന്നെ 140 കിലോ മീറ്ററിന് മുകളിൽ റേഞ്ച് ലഭിക്കുന്നുണ്ട്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, അഞ്ച് സി.സി ടി.വി കാമറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെ സൗകര്യങ്ങളും ബസിൽ ഉണ്ട്.

ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റുമാണ് നിലവിലെ നിരക്ക്. പുതുതായി ആരംഭിച്ച ട്രാവൽ കാർഡും ഇതിൽ ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - 10 more electric buses for city circular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.