ക്ഷേമ പദ്ധതികളിലെ അനർഹരെ ഒഴിവാക്കും -ധനമന്ത്രി

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പദ്ധതികൾ അനർഹർ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടിയെന്ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ ഉദ്യോഗസ്ഥരടക്കം ക്ഷേമ പെൻഷൻ വാങ്ങിയത്​ കണ്ടെത്തിയിട്ടുണ്ട്​. അനർഹർ വാങ്ങിയ 154.66 കോടി തിരിച്ചുപിടിച്ചു. സാധാരണക്കാർക്ക്​ സഹായകമായ നിലയിൽ ക്ഷേമ പെൻഷൻ പദ്ധതി കൃത്യമായി നടത്തും. ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിച്ചാൽ 1000 കോടി രൂപയുടെ ബാധ്യത വരും. നിയമസഭയിൽ ബജറ്റിന്‍റെ പൊതുചർച്ചക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കൊല്ലം കേന്ദ്ര സഹായത്തിൽ 17000 കോടിയുടെ കുറവാണ്​ നേരിടുക. അടുത്തവർഷം 32000 കോടി കുറയും. കേന്ദ്ര സമീപനം സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ചെയ്യാനുള്ള കാര്യങ്ങളിൽ പിറകോട്ട്​ പോകില്ല. സമാധാനത്തിന്​ തുക നീക്കിവെച്ചതിനെതിരായ വിമർശനങ്ങളെ മന്ത്രി തള്ളി. സിൽവർ ലൈൻ ഒരു ദുരന്തമാകില്ലെന്ന്​ ധനമന്ത്രി പറഞ്ഞു. ഇത്​ വിജയമാകും. വികസന പദ്ധതികൾ തീവ്രവലതുപക്ഷ വാദമല്ല. പട്ടിണി വിതരണം ചെയ്യുന്നതല്ല, വികസനം വിതരണം ചെയ്യുന്നതാണ്​ കമ്യൂണിസം. കൊച്ചി മെട്രോ ഇപ്പോൾ നഷ്ടത്തിലാണെങ്കിലും ലാഭത്തിലാകും. ദേശീയപാത വികസനത്തിന്​ ​1.31 ലക്ഷം കോടിയുടെ​ പദ്ധതിയാണ്​ തയാറാക്കിയിരിക്കുന്നത്​.​ കാസർകോട്​ മുതൽ തിരുവനന്തപുരംവരെ ദേശീയപാത 66 ന്​ വീതി കൂട്ടാൻ മാത്രം 57,000 കോടി​ ​കണക്കാക്കുന്നു. സംസ്ഥാനം കൂടുതൽ കടമെടുത്തെങ്കിൽ അതിനനുസരിച്ച്​ നിക്ഷേപവും വന്നിട്ടുണ്ട്​. ഇക്കൊല്ലം 11,000 കോടിയിലേറെ നികുതി വർധന വന്നു. അടുത്ത കൊല്ലവും വർധന ലക്ഷ്യമിടുന്നു. കാർഷിക മേഖലക്ക്​ തുക കുറച്ചിട്ടില്ല. പ്രവാസികൾക്ക്​ 147.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്​. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അടുത്ത വർഷത്തേക്ക്​ 567.44 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.