ജില്ല സെക്രട്ടറിയിൽനിന്ന് പാർട്ടി സെക്രട്ടേറിയറ്റിലേക്ക് ആനാവൂർ

തിരുവനന്തപുരം: പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്‍റെ തിളങ്ങുന്ന മുഖവുമായ ആനാവൂർ നാഗപ്പൻ ഇനി തിരുവനന്തപുരത്ത് നിന്നുള്ള ഏക സി.പി.എം സെക്ര​ട്ടേറിയറ്റ് അംഗം. സി.പി.എം സെക്രട്ടേറിയറ്റിൽനിന്ന് ആനത്തലവട്ടം ആനന്ദൻ ഒഴിയുമ്പോൾ എം. വിജയകുമാറോ കടകംപള്ളി സുരേന്ദ്രനോ വി. ശിവൻകുട്ടിയോ ടി.എൻ. സീമയോ സെക്ര​ട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായാണ് നേതാക്കൾക്കിടയിൽപോലും അദ്ഭുതം സൃഷ്ടിച്ച്​ സി.പി.എം ജില്ല സെക്രട്ടറിയായ ആനാവൂർ സെക്ര​ട്ടേറിയറ്റിന്‍റെ പടവുകൾ കയറിയത്. ഏത്‌ പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടുന്നതാണ്‌ ആനാവൂരിന്‍റെ വ്യക്തിവൈശിഷ്‌ട്യം. ചിട്ടയായ സംഘടനാ പ്രവർത്തനം, പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കുന്നതിനുള്ള നേതൃപാടവം. ഇവക്കെല്ലാമുള്ള അംഗീകാരമാണ് സംസ്ഥാന സമിതിയിൽനിന്ന് സംസ്ഥാന സെക്രട്ടറിയറ്റിലേക്കുള്ള സ്ഥാനക്കയറ്റം. വിദ്യാർഥി യുവജന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂർ കർഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ പക്ഷത്തുനിന്ന് കളം മാറി പിണറായിക്കൊപ്പമെത്തിയ ആദ്യ നേതാവാണ് ആനാവൂർ. ജില്ലയിൽ വി.എസ് പക്ഷത്തിന് വേരോട്ടമുള്ള കമ്മിറ്റികളുടെ അടിവേരിളക്കിയതോടെയാണ് ആനാവൂർ ഔദ്യോഗിക പക്ഷത്തിന് പ്രിയങ്കരനാകുന്നത്. പിന്നീട്,​ ജില്ല പഞ്ചായത്ത് പ്രസിഡൻറായി. ജില്ല സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 2016ൽ നിയമസഭ ​തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോഴായിരുന്നു താൽക്കാലിക സെക്രട്ടറിയായി ആനാവൂർ നാഗപ്പനെത്തുന്നത്. കടകംപള്ളി വിജയിച്ച് മന്ത്രിയായതോടെ, പൂർണ ചുമതലയോടെ ജില്ല സെക്രട്ടറിസ്ഥാനത്ത് ആനാവൂർ നാഗപ്പൻ തുടർന്നു. 2018ലെ ജില്ല സമ്മേളനത്തിലാണ് ആദ്യമായി സമ്മേളനത്തിലൂടെ ജില്ല സെക്രട്ടറിയാകുന്നത്. പിന്നീട്, പകരക്കാരനെ കണ്ടെത്തേണ്ട ആവശ്യം സംസ്ഥാന നേതൃത്വത്തിനുണ്ടായില്ല. പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ തിരുവനന്തപുരം കോർപറേഷനെതിരെ പ്രതിപക്ഷമുയർത്തിയ നിരവധി ആഴിമതി ആരോപണങ്ങളിലും അനുപമ ഉയർത്തിവിട്ട ദത്ത് വിവാദത്തിലും ഉഴറാതെ പാർട്ടിയെ സംരക്ഷിച്ചു നിർത്താൻ രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് ജില്ല സെക്രട്ടറിയെന്ന നിലയിൽ ആനാവൂരിനായി. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമതി ചെയര്‍മാന്‍ ഷിജുഖാന് പൂര്‍ണ പിന്തുണയാണ് അദ്ദേഹം നൽകിയത്. കുത്തേറ്റുമരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവനന്തപുരം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി മെ​ഗാ തിരുവാതിര സംഘടിപ്പിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികൾക്കൊപ്പമായിരുന്നു തിരുവാതിര. പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾക്ക് കാരണമായതോടെ ക്ഷമാപണം നടത്തി ആനാവൂർ തലയൂരി. എങ്കിലും കരുത്തായ നേതാവിനെ കൈവീടാൻ പാർട്ടി ഒരുക്കമായിരുന്നില്ലെന്നത് തെളിയിക്കുന്നതാണ് പുതിയ സ്ഥാനലബ്​ധി. നെയ്യാറ്റിൻകര കുന്നത്തുകാൽ ആനാവൂർ ദീപാസിൽ ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവർ മക്കൾ. മരുമക്കൾ: അശ്വതി, രമേഷ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.