സുരേഷിന്‍റെ ബന്ധുക്കളെ രമേശ് ചെന്നിത്തല സന്ദർശിച്ചു രക്തസാക്ഷിയാണ്​ സുരേഷ് - രമേശ് ചെന്നിത്തല

കോവളം: ആഭ്യന്തരവകുപ്പിന്‍റെ കഴിവുകേടിന്റെ രക്തസാക്ഷിയാണ്​ സുരേഷെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സുരേഷിന്‍റെ ബന്ധുക്കളെ നെല്ലിയോട് മേലേ ചരുവിള വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഗൗരവമായി അന്വേഷിക്കാൻ സർക്കാറും പൊലീസും തയാറാകുന്നില്ല. കസ്റ്റഡിയിൽ മരണം നടന്നിട്ടും ആരോപണവിധേയരായ ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്നു. നടന്നത് വ്യക്തമായ ലോക്കപ്പ് കൊലപാതകമാണ്. ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. സുരേഷിന്‍റെ കുടുംബങ്ങൾ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സുരേഷിനൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തവരുടെ ബന്ധുക്കളെ കാണാൻ അനുവദിക്കാത്തതിൽ ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന്​ ചെന്നിത്തല ആവശ്യപ്പെട്ടു. വിൻസൻറ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധനൻ എന്നിവരും ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.