മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: മെഡി. കോളജ് ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയാൽ നടപടി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത്​ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷ‍ന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്​ കേസ് തീർപ്പാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകൻ ജോസ് വൈ. ദാസും പരാതി നൽകിയിരുന്നു. ആരോപണ വിധേയരായ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിയിൽനിന്ന്​ മാറ്റിനിർത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മർദനമേറ്റ ചിറയിൻകീഴ്​ സ്വദേശി അരുൺദേവിന്‍റെ മൊഴിപ്രകാരം മൂന്ന് സുരക്ഷാ ജീവനക്കാർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ്​ കേസെടുത്തെന്ന് തിരുവനന്തപുരം ഐ.ജി അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു. പഴയ മോർച്ചറിക്ക് എതിർവശം 17, 18, 19 വാർഡുകളിലേക്കുള്ള പ്രവേശന ഗേറ്റിൽ 2021 നവംബർ 19നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.