കാട്ടാക്കട മിനി സിവിൽ സ്​റ്റേഷനിലേക്ക്​ വഴിതുറന്നു

കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്​റ്റേഷനിലേക്ക്​ പോസ്​റ്റ്​ ഒാഫിസ് ജങ്​ഷനില്‍നിന്ന്​ വഴിതുറന്നു. കാട്ടാക്കട താലൂക്ക് ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന സിവിൽ സ്​റ്റേഷനിലേക്ക്​ പ്രധാന റോഡിൽനിന്ന്​ ഇനി ജനങ്ങൾക്ക് എളുപ്പം എത്താനാകും. തിങ്കളാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ ടി. സനൽകുമാർ, അംഗങ്ങൾ, റവന്യൂ ജീവനക്കാർ എന്നിവർ ചേർന്നാണ് ചന്തയുടെ സൈഡിലൂടെ വഴി തുറന്നുനൽകിയത്. മിനി സിവിൽ സ്​റ്റേഷനിലേക്ക്​ പൂവച്ചൽ ചന്തക്കുള്ളിൽകൂടി വഴിനൽകാൻ പഞ്ചായത്ത് ഭരണസമിതി തയാറാവാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോൺഗ്രസ് സമരം നടത്തിയിരുന്നു. ചന്തയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫിസ് മാറ്റുന്ന മുറക്ക്​ വഴി നൽകാമെന്നായിരുന്നു പഞ്ചായത്തി​ൻെറ നിലപാട്. നിലവിൽ ശ്രീകൃഷ്‌ണപുരം റോഡിൽനിന്ന്​ തുടങ്ങുന്ന ഇടുങ്ങിയ റോഡാണ് സിവിൽ സ്​റ്റേഷനിലേക്കുള്ളത്. ഇവിടേക്ക്​ ഒറ്റവരി ഗതാഗതത്തിനായി ചന്തക്കുള്ളിൽക്കൂടി വഴി നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇപ്പോൾ താൽക്കാലിക നടവഴിയാണ് അനുവദിച്ചത്. വില്ലേജ് ഓഫിസ് ഇരിക്കുന്ന ഭൂമി ലഭ്യമാകുന്ന മുറക്ക്​ അഞ്ചുകടമുറികൾ പൊളിച്ചുനീക്കി മൂന്നു മീറ്റർ വീതിയിൽ റോഡ് നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡ​ൻറ്​ പറഞ്ഞു. വില്ലേജ് ഓഫിസ് ഭൂമി എത്രയും വേഗം ലഭ്യമാക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.