വിഷ്ണുവിനും വത്സലക്കും ഇനി നാടുകാണാം, ഇലക്ട്രിക് വീല്‍ചെയറില്‍

തിരുവനന്തപുരം: ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിനും മുട്ടിലിഴയാൻ മാത്രം കഴിയുന്ന വത്സലക്കും ഇനി ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം. സാന്ത്വനസ്പര്‍ശം അദാലത്തിലാണ്​ ഇവരുടെ സ്വപ്​നം സഫലമായത്​. നെയ്യാറ്റിന്‍കരയില്‍നടന്ന അദാലത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കി​ൻെറ നിര്‍ദേശപ്രകാരം സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിഷ്ണുവിന് ടെട്രാ എക്സ് വീല്‍ചെയര്‍ നല്‍കാൻ നടപടിയെടുത്തു. വിഷ്ണുവി​ൻെറ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20,000 രൂപയും അനുവദിച്ചു. ആര്യങ്കോട് മൈലച്ചല്‍ തേരിയില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെ മകനായ വിഷ്ണു ചികിത്സക്കും മറ്റും ഏറെ കഷ്​ടപ്പെടുകയായിരുന്നു. മാതാപിതാക്കളും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. തൊഴിലുറപ്പ് ജോലിക്കാരനാണ് ത്രിവിക്രമന്‍ നായര്‍. അതില്‍നിന്ന്​ ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ടായിരുന്നു ജീവിതം. സാന്ത്വനസ്പര്‍ശം അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലക്ക്​ മന്ത്രി തോമസ് ഐസക്കാണ് വീല്‍ചെയര്‍ നല്‍കാൻ നടപടി കൈക്കൊണ്ടത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​ 25,000 രൂപ ചികിത്സാസഹായവും വത്സലക്ക്​ അനുവദിച്ചു. പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് സ്വദേശിനിയായ വത്സല വിധവയാണ്. വര്‍ഷങ്ങളായി ഒറ്റക്കാണ് താമസം. മക്കളോ സഹോദരങ്ങളോ ഇല്ല. വൃക്കരോഗിയുമാണ്. സര്‍ക്കാറില്‍നിന്ന്​ ലഭിക്കുന്ന വിധവാ പെന്‍ഷനാണ് ഏക ആശ്രയം. വീല്‍ച്ചെയറിനായി മുമ്പ്​ പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. അദാലത് നടക്കുന്ന സ്​റ്റേജിനടുത്തെത്തിയ വത്സലയുടെ സമീപത്തുചെന്നാണ് മന്ത്രി പരാതി കേട്ടത്. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കാൻ നടപടിയെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.