​്പ്രചാരണം സജീവമാക്കി വിമത സ്ഥാനാര്‍ഥികള്‍

വെള്ളറട: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്​ചക്കില്ലാതെ വിമത സ്​ഥാനാർഥികൾ. കൊല്ലയില്‍ പഞ്ചായത്തിലെ പാങ്കോട്ടുകോണം വാര്‍ഡിലും വെള്ളറട ബ്ലോക്ക് ഡിവിഷനിലും സി.പി.എമ്മിന് വെല്ലുവിളിയായി വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്​. കൊല്ലയില്‍ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയിലെ പ്രസിഡൻറും ലോക്കൽ കമ്മിറ്റി മെംബറുമായ വൈ. ലേഖയാണ് പാങ്കോട്ടുകോണം വാര്‍ഡില്‍ സി.പി.എം വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇവിടെ സന്ധ്യയാണ് സി.പി.എമ്മി​ൻെറ ഔദ്യോഗിക സ്ഥാനാര്‍ഥി. കോല്ലയില്‍ പഞ്ചായത്തി​ൻെറ വൈസ് പ്രസിഡൻറും നിലവിലെ ജില്ല പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയുമായ ബിനു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുമാണ് വിജയിച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ ലേഖ വിജയിച്ചിരുന്നു. നിലവില്‍ മലയില്‍ക്കട വാര്‍ഡില്‍നിന്നും ജയിച്ച ലേഖക്ക് സീറ്റ് നിഷേധിച്ചതിന്​ പിന്നില്‍ സി.പി.എമ്മിലെ കടുത്ത വിഭാഗീയതയാണ​ത്രെ. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും മത്സരിക്കാന്‍ തന്നെയാണ് ലേഖയുടെ തീരുമാനം. അതേസമയം വെള്ളറട ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡൻറായിരുന്ന എം. ശോഭകുമാരി വെള്ളറട ബ്ലോക്ക് ഡിവിഷനിലാണ് റിബല്‍ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ലൈഫ് ഭവനപദ്ധതി നടത്തിപ്പിലെ തട്ടിപ്പുകള്‍, പാര്‍ട്ടി നേതൃത്വത്തെ ധിക്കരിക്കല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിട്ട ശോഭകുമാരിയെ സി.പി.എം പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇത്തവണ സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. വെള്ളറട ബ്ലോക്ക് ഡിവിഷനില്‍ ഗീത ജോണാണ് സി.പി.എമ്മി​ൻെറ ഔദ്യോഗിക സ്ഥാനാര്‍ഥി. അമ്പൂരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എം അംഗമായിരുന്ന കുമാരി ഷീബ അമ്പൂരി ബ്ലോക്ക് ഡിവിഷനില്‍ സി.പി.എം വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കണ്ണന്നൂര്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന കുമാരി ഷീബ ബ്ലോക്ക് ഡിവിഷന്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. വിജയ സാധ്യതയില്ലാത്ത മറ്റൊരു വാര്‍ഡില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിർദേശിക്കുകയും ചെയ്തതോടെയാണ് ബ്ലോക്കിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.