ക്ഷേത്രഭൂമി അതിർത്തി കെട്ടിത്തിരിക്കാനുള്ള നീക്കം തടഞ്ഞു

കണ്ണനല്ലൂർ: കണ്ണനല്ലൂർ മൈതാനത്തിനടുത്തുള്ള ക്ഷേത്രഭൂമി അതിർത്തി കെട്ടിത്തിരിക്കാനുള്ള നീക്കം റവന്യൂ അധികൃതർ തടഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള കണ്ണനല്ലൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിൻെറ ഭൂമി കെട്ടിത്തിരിക്കാനുള്ള നീക്കമാണ് ജില്ല കലക്ടറുടെ നിർദേശപ്രകാരം എൽ.ആർ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജ്യോതി ലക്ഷ്​മി, എൽ.ആർ വിഭാഗം തഹസിൽദാർ ജാസ്മിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർത്തിവെപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് റവന്യൂ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചത്. പഞ്ചായത്ത് അനുമതിയില്ലാതെ നടത്തുന്ന നിർമാണം നിർത്തിവെക്കണമെന്ന്​ കാട്ടി ദേവസ്വം സബ് ഗ്രൂപ് ഓഫിസർക്ക് തൃക്കോവിൽവട്ടം പഞ്ചായത്ത് സെക്രട്ടറി കത്ത് കൊടുത്തിരുന്നു. ഇത് മുഖവിലക്കെടുക്കാതെ നിർമാണം നടത്തുന്നതിനെതിരെ പഞ്ചായത്തധികൃതർ രംഗത്തെത്തുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ഷൈനു തോമസിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു. തുടർന്ന്​ വില്ലേജ് ഓഫിസർ അറിയിച്ചതനുസരിച്ചാണ് റവന്യൂ അധികാരികൾ സ്ഥലത്തെത്തിയത്. ഹൈകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് ക്ഷേത്രഭൂമി അളന്നുതിരിച്ച് സംരക്ഷിക്കാൻ തീരുമാനിച്ചതെന്ന്​ ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറയുന്നു. ഓംബുഡ്സ്മാൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പെൻസിങ് നടത്തി സ്ഥലം സംരക്ഷിക്കാൻ ഹൈകോടതി ഉത്തരവുണ്ടെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതർ, ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ, പഞ്ചായത്തധികൃതർ, കണ്ണനല്ലൂർ പൗരസമിതി ഭാരവാഹികൾ, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഭാരവാഹികൾ എന്നിവരുമായി ഡെപ്യൂട്ടി കലക്ടറും ചാത്തന്നൂർ എ.സി.പിയും ചർച്ച നടത്തി. ചൊവ്വാഴ്ച രാവിലെ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കൊല്ലത്ത് ബന്ധപ്പെട്ടവരുടെ യോഗം ചേരാൻ തീരുമാനിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് സുലോചന, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്തംഗം എം. ഷൈലജ, വില്ലേജ് ഓഫിസർ ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ സജീവ്, ദേവസ്വം ബോർഡ് അസി.കമീഷണർ സുനിൽ, സബ് ഗ്രൂപ് ഓഫിസർ ഇൻ ചാർജ് ദിലീപ് കുമാർ, ദേവസ്വം മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരായ കാവേരി, സുധി, ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ പ്രസാദ്, സുഭാഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, പൗരസമിതി ഭാരവാഹി അൻസർ, ലൈബ്രറി പ്രസിഡൻറ്​ അബൂബക്കർ കുഞ്ഞ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.