കാര്യവട്ടം ഗവ.കോളജിൽ എസ്.എഫ്.ഐ പൊലീസ്​ സംഘർഷം എസ്.എഫ്.ഐ പ്രവർത്തകർ വനിത പ്രിൻസിപ്പലിനെ ഉപരോധിച്ചു

കഴക്കൂട്ടം: അഡ്മിഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ കാര്യവട്ടം ഗവ. കോളജിൽ പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. നാലു പൊലീസുകാർക്കും അഞ്ചു പ്രവർത്തകർക്കും പരിക്കേറ്റു. മുമ്പ്​ കോളജിൽനിന്നും സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സ് കഴിഞ്ഞ രോഹിത് രാജ് ഏകജാലകം വഴി ഇത്തവണ അതേ കോഴ്സിന് പ്രവേശനം നേടി. ഇൻറർവ്യൂ ദിവസമായ തിങ്കളാഴ്ച കോളജിൽ ഹാജരായപ്പോൾ മുമ്പ്​ ഇതേ കോഴ്​സ്​ പഠിച്ച വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് യൂനിവേഴ്സിറ്റി നിയമമനുസരിച്ച് കോഴ്സ് പൂർത്തിയാക്കാതെ അതേ കോഴ്സിന് ചേരാൻ കഴിയില്ല എന്ന് പ്രിൻസിപ്പലും ഇൻറർവ്യൂ ബോർഡും അറിയിച്ചു. പകരം കോഴ്സ് റദ്ദ് ചെയ്ത്​ മറ്റൊരു കോഴ്സിന് അപേക്ഷിക്കാൻ വിദ്യാർഥിയോട് ആവശ്യപ്പെട്ടെങ്കിലും മുൻ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കൂടിയായ രോഹിത് രാജ് തയാറായില്ല. അ​ഞ്ചോടുകൂടി സംഘടിച്ച് എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പൽ സി.എസ്. ജയയെ ഉപരോധിച്ച് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസ് പ്രതിഷേധക്കാരോടും പ്രിൻസിപ്പലിനോടും ചർച്ച നടത്തി. പ്രതിഷേധം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ തയാറായില്ല. ആറോടെ പൊലീസ് പ്രിൻസിപ്പലിനെ പുറത്തിറക്കാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞു. പൊലീസ് ജീപ്പിൽ പ്രിൻസിപ്പലിനെ പുറത്ത് എത്തിക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർ കോളജ്​ കവാടം അടച്ച് ഉപരോധിച്ചു. കവാടത്തിനു മുന്നിൽ ബൈക്കുകളും വെച്ചു. തുടർന്ന് കഴക്കൂട്ടം എ.സി.പി സി.എസ്. ഹരിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പ്രവർത്തകരിൽ ഒരാൾ പൊലീസിനെ ആക്രമിച്ചു. സംഘർഷത്തിനിടയിൽ നാലു പൊലീസുകാർക്കും അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഉപരോധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത ശേഷമാണ് പ്രിൻസിപ്പലിനെ പൊലീസ് ജീപ്പിൽ പുറത്തെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവൻ, ജോയൻറ്​ സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡന്‍റ്​ രാഹുൽ, യൂനിറ്റ് അംഗങ്ങളായ സബീർ, അബി, രോഹിത് രാജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.