പെന്‍ഷന്‍, ഔദാര്യമല്ല, മൗലികാവകാശം - തമ്പാൻ തോമസ്

തിരുവനന്തപുരം: പെന്‍ഷന്‍റെ പേരിൽ തൊഴിലാളികളിൽനിന്ന് 60 വയസ്സ്​ വരെ വിഹിതം വാങ്ങുകയും പിന്നീട്, അത് നിഷേധിക്കുകയും ചെയ്യുന്നത് ക്രൂരമാണെന്ന് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന ക്ഷേമനിധി ബോർഡിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും നിലപാടിൽ പ്രതിഷേധിച്ച് എച്ച്.എം.എസ്​ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണ തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണം നിലച്ചിട്ട് ആറു മാസമായി. ഒരു വർഷമായി ചികിത്സാസഹായവും മരണാനന്തര സഹായവുമുൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകിയിട്ടില്ല. പെന്‍ഷൻ ഔദാര്യമല്ല, അവകാശമാണെന്ന് സംസ്ഥാന സർക്കാർ മനസ്സിലാക്കണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കാളും വലിയ അഴിമതിയാണ് നിർമാണ തൊഴിലാളികൾക്കുമേൽ പിണറായി സർക്കാർ നടത്തുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. എച്ച്.എം.എസ് കേന്ദ്ര കമ്മിറ്റി അംഗം സി.പി. ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ജോസഫ് ജൂഡ്, എം.പി. സാജു, എം.ആർ. മനോജ്, അഡ്വ. ആനി സ്വീറ്റി, കെ.കെ. ചന്ദ്രൻ, എ. അബ്ദുൽ ഖാദർ, കെ.ജെ. ബെയ്സിൽ, ടി. കലാധരൻ, കെ.പി. കൃഷ്ണൻകുട്ടി, ഡേവിസ് വില്ലെടുത്തുകാരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.