ഇന്ത്യ ശക്തി തെളിയിക്കേണ്ടത്​ സാങ്കേതിക-ശാസ്ത്രരംഗങ്ങളിലെ നേട്ടങ്ങളിലൂടെ -എസ്. സോമനാഥ്

തിരുവനന്തപുരം: സാങ്കേതിക ശാസ്ത്ര രംഗങ്ങളിലെ നേട്ടങ്ങളിലൂടെയായിരിക്കണം ഇന്ത്യ ലോകത്ത്​ ശക്തി തെളിയിക്കേണ്ടതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് വിക്രം സാരാഭായിയുടെ ജന്മവാർഷികത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ശക്തി 30-35 വയസ്സിന് ഇടയിലുള്ള യുവാക്കളാണ്. മികച്ച കാഴ്‌പ്പാടുള്ള വിദ്യാർഥികളായിരിക്കണം ഭാവി ഇന്ത്യയെക്കുറിച്ച് ഇനി സംസാരിക്കേണ്ടത്. ലോകരാജ്യങ്ങൾ ഇന്ത്യയുടെ ഉപദേശം തേടുന്ന തലത്തിലേക്ക് രാജ്യത്തെ വളർത്തിയെടുക്കണം. സാങ്കേതിക മേഖലയിലെ ആധിപത്യം സമീപകാല ഭാവിയിൽ അനിവാര്യമാണ്. അത് നേടിയെടുക്കാൻ നമ്മൾ കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു. കേവലം ബഹിരാകാശ രംഗത്ത് മാത്രമായി ഇന്ത്യയുടെ നേട്ടങ്ങൾ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്‌ണൻ നായർ, ഐസർ ഡയറക്ടർ പ്രഫ.ജെ.എൻ.മൂർത്തി, ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സാം ദേവ്, കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടർ ഡോ.ജി.പി. പത്മകുമാർ, വിജ്ഞാനഭാരതി നാഷനൽ ഓർഗനൈസിങ്​ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധ, സി.എസ്.ഐ.ആർ- എൻ.ഐ.ഐ.എസ്.ടി സീനിയർ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ.യു.എസ്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.