എടത്തിരുത്തി: പൊതുപ്രവർത്തകനും ഗായകനുമായ അച്ഛൻ, നാടൻ പാട്ടുകൾ പാടി അരങ്ങുതകർക്കുന്ന അമ്മ, റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ യുവഗായകനായ മകൻ. എടത്തിരുത്തിയിലെ മൂന്നംഗ സംഗീത കുടുംബത്തിന്റെ വിശേഷണങ്ങൾ ഇങ്ങിനെയാണ്. സംഗീതത്തെ ജീവന് തുല്യം സ്നേഹിക്കുകയാണ് ഈ മൂവർ സംഘം.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.വി സതീഷാണ് ഈ സംഗീത കുടുംബത്തിലെ നായകൻ. ഭാര്യ രേഖയുടെ നാടൻ പാട്ടുകൾക്ക് സ്വദേശത്തും വിദേശത്തും ആസ്വാദകർ ഏറെ. സംഗീതം അഭ്യസിക്കാതെ റിയാലിറ്റി ഷോയിൽ പാട്ടിനെ കീഴടക്കി മകൻ അമൻ സഖ. മാതാപിതാക്കളിൽ നിന്നും സംഗീതപാരമ്പര്യം ലഭിച്ച സതീഷ് സ്കൂൾ പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്ന് ഗാന ഭൂഷണം പൂർത്തിയാക്കി.
ജനനയന എന്ന നാടൻപാട്ട് ട്രൂപ്പിന്റെ സാരഥിയായി. പൊതുപ്രവർത്തനവും സംഗീതവും ഇഴചേർന്ന യാത്രയിലാണ് ഭാര്യ രേഖയും സതീഷിന്റെ സംഗീത ജീവിതത്തിലേക്ക് വരുന്നത്. പിന്നീട് നാടൻപാട്ട് രംഗത്തെ നിറസാന്നിധ്യമായി ഈ ദമ്പതികൾ. മാതാപിതാക്കളുടെ വഴി പിന്തുടർന്ന മകൻ അമൻ സഖയും ചെറുപ്രായത്തിൽ തന്നെ പാട്ടുകളുമായി കൂട്ടുകൂടി. മലയാളത്തിലും തമിഴിലും റിയാലിറ്റി ഷോയിൽ തിളങ്ങി.
സമാധാന പുസ്തകം എന്ന സിനിമയിൽ ഒരു ഗാനം അമൻ സഖയുടെ ശബ്ദ സാന്നിധ്യത്തിലാണ്. തമിഴ് നടൻ ധനുഷിന്റെ റിലീസിനൊരുങ്ങുന്ന കുബേര എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത അമൻ സഖ അഭിനയത്തിലും ഒരുകൈ നോക്കുകയാണ്. ഒരു സംഗീത ദിനം കൂടി കടന്നു പോകുമ്പോൾ ഒരേ വേദിയിൽ മൂന്നു പ്രതിഭകളൊരുമിക്കുന്ന സംഗീത വിരുന്നിന് സാക്ഷികളാകാൻ കാത്തിരിക്കുകയാണ് സംഗീത ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.