ചാലക്കുടി: കനത്ത മഴയും പെരിങ്ങൽക്കുത്തിൽനിന്നുള്ള അധികജലവും എത്തിയതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പിൽ ഉയർച്ച. പെരിങ്ങൽകുത്തിൽ ജലനിരപ്പ് 420 മീറ്റർ കവിഞ്ഞതോടെ സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. നിലവിൽ സെക്കൻഡിൽ 120 ഘന മീറ്റർ വെള്ളം വരുന്നുണ്ട്. വൈദ്യുതോൽപാദനത്തിന് ശേഷം പവർ ഹൗസിൽനിന്നുള്ള വെള്ളം ഉൾപ്പെടെ ആകെ 161 ഘനമീറ്റർ വെള്ളമാണ് ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നത്. ആറങ്ങാലി സ്റ്റേഷനിൽ മൂന്ന് മീറ്ററിൽ താഴെയാണ് ജലനിരപ്പ്. എന്നാൽ അപകടനിരപ്പിൽനിന്ന് വളരെയേറെ താഴെയാണിത്.
മലയോര മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ല മഴ പെയ്യുന്നുണ്ട്. 26 രാവിലെ മുതൽ 27 രാവിലെ 100 എം.എം മഴയോളം വിവിധ പ്രദേശങ്ങളിൽ ലഭിച്ചു. അതിരപ്പിള്ളി 95 എം.എം, പരിയാരം 98.4 എം.എം, ചാലക്കുടി 100.8 എം.എം, മേലൂർ 90 എം.എം, കാടുകുറ്റി 112.8 എം.എം എന്നിങ്ങനെയാണ് മഴ ലഭിച്ചത്. അതിരപ്പിള്ളിക്ക് മുകളിൽ ഷോളയാറും പറമ്പിക്കുളത്തും അപ്പർ ഷോളയാറും മികച്ച രീതിയിൽ മഴ പെയ്യുന്നുണ്ട്.
നേരത്തെ തന്നെ പറമ്പിക്കുളം, തൂണക്കടവ്, അപ്പർ ഷോളയാർ ഡാമുകളിൽ വേനൽമഴയെ തുടർന്ന് മോശമല്ലാത്ത ജലശേഖരണം ഉണ്ട്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയർന്നാൽ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിടാനുള്ള സാഹചര്യമേറെയാണ്. കേരള ഷോളയാറിൽ 25 ശതമാനത്തോളമേ വെള്ളം ആയിട്ടുള്ളു. എന്നാൽ പെരിങ്ങൽകുത്ത് റെഡ് അലർട്ടിലാണ്. ജലം എപ്പോൾ വേണമെങ്കിലും കൂടുതലെത്താവുന്ന സാഹചര്യത്തിൽ പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് പരമാവധി താഴ്ത്തി നിർത്തുന്നതാണ് നിലവിലെ സാഹചര്യത്തിൽ ചാലക്കുടി നദീതടത്തിന് സുരക്ഷിതം.
ഇത്തവണ അധിക മഴ പെയ്യുമെന്നതിനാൽ പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം വിവിധ സംഘടനകൾ കെ.എസ്.ഇ.ബിയോട് അഭ്യർഥിച്ചിരുന്നു. സുരക്ഷിതമായ വിധത്തിൽ പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ ഉറപ്പു നൽകിയിട്ടുണ്ട്.
പരാതികൾ ഒഴിവാക്കാൻ കെ.എസ്.ഇ.ബി.എൽ ഇത്തവണ തുടക്കത്തിലേ സഹകരിച്ചു പോകുന്നതിൻ്റെ സൂചനകളാണ് ഉള്ളത്. പ്രളയ സാധ്യത ഒഴിവാക്കാൻ പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ ഭാഗമായാണ് സ്പിൽവേ ഗേറ്റുകൾ തുറന്നത്. അതേ സമയം പെരിങ്ങൽകുത്തിലെ രണ്ട് ജനറേറ്ററുകൾ കാലവർഷത്തിൽ പ്രവർത്തിക്കാത്തത് വൈദ്യുതോൽപാദനത്തിലടക്കം വീഴ്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.